
കോഴിക്കോട്: ദുബായിൽ ദുരൂഹമായി മരിച്ച വ്ളോഗറും ആൽബം താരവുമായ പാവണ്ടൂർ സ്വദേശി റിഫ മെഹ്‌നുവിന്റെ ഭർത്താവ് മെഹ്‌നാസിനെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്. റിഫയുടെ കുടുംബം നൽകിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിൽ പോയതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രണ്ട് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനാൽ കേസ് അന്വേഷിക്കുന്ന കാക്കൂർ പൊലീസ് മെഹ്‌നാസിന്റെ കാസർകോട്ടെ വീട്ടിൽ എത്തിയെങ്കിലും കുറെ ദിവസമായി വീട്ടിൽ ഇല്ലെന്ന വിവരമാണ് ലഭിച്ചത്.
ഇയാൾ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നോട്ടീസ് നൽകിയിട്ടുണ്ട്.
റിഫയുടെയും മെഹ്‌നാസിന്റെയും സുഹൃത്തും ദുബായിൽ ഇവരോടൊപ്പം താമസിക്കുകയും ചെയ്തിരുന്ന ജംഷാദിനെ കഴിഞ്ഞ ദിവസം അന്വേഷണത്തിന് നേതൃത്വം നൽകുന്ന താമരശ്ശേരി ഡിവൈ.എസ്.പി പി.കെ.അഷറഫ് ചോദ്യം ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെഹ്‌നാസിനെ ചോദ്യം ചെയ്യാൻ വിളിച്ചത്.
അതിനിടെ റിഫയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇനിയും പൊലീസിന് ലഭിച്ചിട്ടില്ല. പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഫോറൻസിക് മേധാവി ലിസ ജോൺ അവധിയിലായതാണ് കാരണമായി പറയുന്നത്.
മാർച്ച് ഒന്നിനാണ് ദുബായ് ജാഫിലിയയിലെ ഫ്ളാറ്റിൽ റിഫയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിനാണ് മൃതദേഹം പാവണ്ടൂരിലെത്തിച്ച് കബറടക്കിയത്. മകൾ ആത്മഹത്യ ചെയ്യാൻ സാദ്ധ്യതയില്ലെന്നും ഭർത്താവിന്റെ പെരുമാറ്റത്തിൽ സംശയങ്ങളുണ്ടെന്നും കാട്ടിയാണ് റിഫയുടെ കുടുംബം കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ടിന് പരാതി നൽകിയത്.