
ഇലോൺ മസ്കിന് എന്താണ് പെട്ടന്നൊരു മനം മാറ്റം? ലോകം മുഴുവൻ ചോദിക്കുന്ന ചോദ്യമാണിത്. 44 ബില്യൺ മുടക്കി വാങ്ങിയ ട്വിറ്ററിന്റെ ഇടപാട് താൽക്കാലികമായി നിറുത്തിവച്ചുവെന്ന മസ്കിന്റെ ട്വീറ്റാണ് ഇപ്പോൾ ലോകം മുഴുവൻ ചർച്ചയായിരിക്കുന്നത്.
ലോക പ്രശസ്ത മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റർ വാങ്ങിക്കാൻ മസ്ക് തയ്യാറാണെന്നുള്ള വാർത്തകൾ കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. എന്നാൽ അതിന് ഒരുപാട് മുൻപേ തന്നെ നീലക്കിളിയെ കയ്യിലാക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു.
ഇതിന്റെ ഭാഗമായി നിരവധി ദിവസം നീണ്ടുനിന്ന വലിയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ മസ്ക് മോഹ വില കൊടുത്ത് കിളിയെ തന്റെ കൂട്ടിലാക്കാനുള്ള കരാറിൽ ഒപ്പുവച്ചു. ഒരു ഓഹരിക്ക് 54.20 ഡോളർ (4.148 രൂപ) വച്ച് 4400 കോടി ഡോളർ (3.67 ലക്ഷം കോടി രൂപ) നൽകാമെന്ന് പറഞ്ഞപ്പോഴാണ് തങ്ങളുടെ പ്രിയപ്പെട്ട കിളിയെ മസ്കിനടുത്തേക്ക് പറത്തിവിടാൻ ട്വിറ്ററിന്റെ ബോർഡ് തീരുമാനിച്ചത്.
എന്നാൽ അതിന് ശേഷവും വാർത്തകൾക്കും ചർച്ചകൾക്കും കുറവുണ്ടായിരുന്നില്ല. ട്വിറ്ററിൽ മസ്ക് എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരും? ട്രംപിന്റെ വിലക്ക് നീക്കുമോ? പരാഗ് അഗർവാളിനെ പുറത്താക്കുമോ? തുടങ്ങി പല ചോദ്യങ്ങളും സമൂഹ മാദ്ധ്യമങ്ങളിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ട്വിറ്ററിനെ മസ്ക് സ്വന്തമാക്കിയെങ്കിലും ഇടപാടുകൾ പൂർത്തിയായിട്ടില്ല. വരുന്ന മാസങ്ങളിൽ അത് പൂർത്തിയാകുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ഇന്നത്തെ ട്വീറ്റ് അനുസരിച്ച് കരാറിൽ നിന്ന് അദേഹം പിന്മാറിയേക്കുമെന്നാണ് കരുതുന്നത്.
സ്പാം അക്കൗണ്ടുകളുടെ കണക്കുകൾ സംബന്ധിച്ച വിശംദാംശങ്ങളിൽ വ്യക്തത ലഭിക്കാത്തതാണ് ഏറ്റെടുക്കൽ നിറുത്തിവയ്ക്കാനുള്ള തീരുമാനത്തിന് പിന്നിലെന്നാണ് ട്വീറ്റിൽ നിന്ന് വായിച്ചെടുക്കാനാകുന്നത്.
ട്വിറ്ററിൽ ആകെ ഉപയോക്താക്കളിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമേ സ്പാം അല്ലെങ്കിൽ വ്യാജ അക്കൗണ്ടുകളുള്ളു എന്നാണ് ട്വിറ്റർ പറയുന്നത്. എന്നാൽ ഈ കണക്കുകളെ പിന്തുണയ്ക്കുന്ന വിശദാംശങ്ങളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നുണ്ട്. ഇക്കാരണത്താലാണ് താൻ ട്വിറ്റർ ഇടപാട് താൽക്കാലികമായി നിറുത്തിവച്ചത് എന്നാണ് ശതകോടീശ്വരനായ മസ്ക് ട്വീറ്റ് ചെയ്തത്.
Twitter deal temporarily on hold pending details supporting calculation that spam/fake accounts do indeed represent less than 5% of usershttps://t.co/Y2t0QMuuyn
— Elon Musk (@elonmusk) May 13, 2022
റോയിട്ടേഴ്സിന്റെ ഒരു വാർത്തയും ട്വീറ്റിനൊപ്പം അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്. ട്വിറ്റർ സ്പാം അക്കൗണ്ടുകളുടെ കണക്കെടുക്കുന്നു, മുഴുവൻ ഉപയോക്താക്കളുടെ എണ്ണത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് വ്യാജ അക്കൗണ്ടുകളുള്ളത് എന്ന മേയ് മൂന്നിലെ വാർത്തയാണ് ട്വീറ്റിലുള്ളത്.
ട്വിറ്ററിൽ നിന്ന് മസ്ക് സ്പാം ബോട്ടുകളെ നീക്കം ചെയ്യുമെന്ന് ഇതിന് മുൻപ് പറഞ്ഞിട്ടുണ്ട്. മസ്കിന്റെ സ്വകാര്യ ജെറ്റിനെ ട്രാക്ക് ചെയ്യുന്ന ഒരു ബോട്ട് അക്കൗണ്ട് ട്വിറ്ററിലുള്ളതും. അതിനെ മസ്ക് ഭയക്കുന്നതും സ്പാം ബോട്ട് അക്കൗണ്ടുകളുടെ നിരോധനത്തിന് പിന്തുണ നൽകുന്നതാണ്.

എന്നാൽ ഈ ട്വീറ്റ് മസ്ക് തമാശയ്ക്ക് പറയുന്നതാണോ എന്നും സംശയമുണ്ട്. കഴിഞ്ഞ ഇരുപത് ദിവസമായി മസ്കിന്റെ ട്വീറ്റുകൾ പരിശോധിച്ചാൽ അക്കാര്യം മനസിലാവും.എന്തായാലും വസ്തുത എന്തെന്ന് അറിയാൻ മസ്കിന്റെ അടുത്ത ട്വീറ്റ് വരുന്നത് വരെ കാത്തിരിക്കുകയല്ലാതെ വഴിയില്ല.