ileague

കൊൽക്കത്ത: ഐ ലീഗ് കിരീടം തേടി ഗോകുലം കേരള നാളെ കളത്തിലിറങ്ങുന്നു. വൈകിട്ട് 7 മണിക്ക് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മത്സരം. വൺ സ്‌പോർട്സ് ചാനലിൽ മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. മുഹമ്മദൻസിനെതിരെ സമനില എങ്കിലും നേടിയാൽ ഗോകുലത്തിന് ഐ ലീഗ് കിരീടം നിലനിർത്താൻ സാധിക്കും. അങ്ങനെയെങ്കിൽ ചരിത്രത്തിൽ ആദ്യമായി ഐ ലീഗ് കിരീടം നിലനിർത്തുന്ന ആദ്യ കേരള ക്ളബ് എന്ന നേട്ടം കൂടി ഗോകുലത്തിന് സ്വന്തമാക്കാൻ സാധിക്കും.

മറുവശത്ത് ഗോകുലത്തെ തോൽപിച്ചാൽ മാത്രമേ മുഹമ്മദൻസിന് കിരീടം സ്വന്തമാക്കാൻ കഴിയൂ. കഴിഞ്ഞ മത്സരത്തിൽ ശ്രീനിധി എഫ് സിയോട് ഏറ്റ അപ്രതീക്ഷിത പരാജയത്തെതുടർന്നാണ് ഗോകുലത്തിന് കിരീടവിജയത്തിന് അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്നത്. നാളെ രാത്രി എഴിന് കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്. ലീഗ് ഘട്ടത്തിൽ മുഹമ്മദൻസുമായി മത്സരിച്ചപ്പോൾ 1-1ന്റെ സമനിലയായിരുന്നു ഫലം.

ഗോകുലം കേരളയുടെ മുൻതാരമായിരുന്ന മാർക്കസ് ജോസഫാണ് മുഹമ്മദൻസിന്റെ മുന്നേറ്റത്തിൽ കളിക്കുന്നത്. മുഹമ്മദൻസ് മുന്നേറ്റത്തിന് മതിൽ കെട്ടി തടയുക എന്നതാണ് ഗോകുലത്തിന് മുന്നിലുള്ള പ്രധാന ദൗത്യം. ശ്രീനിധിക്കെതിരേയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ച ക്യാപ്ടനും മദ്ധ്യനിര താരവുമായ ഷരീഫ് മുഹമ്മദും മലയാളി താരം ജിതിൻ എം.എസും ഗോകുലത്തിനൊപ്പമുണ്ടാകില്ല. പരിക്കിന്റെ പിടിയിലായിരുന്നു സ്ലേവേനിയൻ താരം ലൂക്ക മെയ്സൻ ടീമിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്. 17 മത്സരങ്ങളിൽ നിന്ന് 40 പോയിന്റാണ് ഗോകുലം കേരളയുടെ സമ്പാദ്യം. 37 പോയിന്റാണ് മുഹമ്മദൻസ് നേടിയിട്ടുള്ളത്.