df

ന്യൂഡൽഹി: 2022 മാർച്ചിൽ ഭാരതി എയർടെല്ലിന്റെയും റിലയൻസ് ജിയോയുടെയും മൊത്തം വരിക്കാരുടെ എണ്ണം 116.69 കോടിയായി വർദ്ധിച്ചതായി ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്)യുടെ പ്രതിമാസ റിപ്പോർട്ട്. ഇന്ത്യയിലെ ടെലിഫോൺ വരിക്കാരുടെ എണ്ണം 2022 ഫെബ്രുവരി അവസാനത്തിൽ 1,166.05 ദശലക്ഷത്തിൽ നിന്ന് 2022 മാർച്ച് അവസാനത്തോടെ 1,166.93 ദശലക്ഷമായി വർദ്ധിച്ചതായും ട്രായിയുടെ റിപ്പോർട്ടിൽ പറയുന്നു.


മാർച്ച്-ഫെബ്രുവരി കാലയളവിൽ നഗരങ്ങളിലെ ടെലിഫോൺ സബ്‌സ്‌ക്രിപ്ഷൻ 64.77 കോടിയിൽനിന്ന് 64.71 കോടിയായും, ഗ്രാമീണ സബ്‌സ്‌ക്രിപ്ഷൻ 51.82 കോടിയിൽനിന്ന് 51.98 കോടിയായും വർദ്ധിച്ചതായി ട്രായ് റിപ്പോർട്ട് പറയുന്നു. ഫെബ്രുവരിയിൽ 114.15 കോടിയുണ്ടായിരുന്ന വയർലെസ് വരിക്കാരുടെ എണ്ണം മാർച്ചിൽ 114.2 കോടിയായി ഉയർന്നതായി റിപ്പോര്‍ട്ട് പറയുന്നു.
ഭാരതി എയർടെലും റിലയൻസ് ജിയോയും മാത്രമാണ് മാർച്ചിൽ പുതിയ മൊബൈൽവരിക്കാരുടെ കാര്യത്തിൽ നേട്ടം കൈവരിച്ചത്. മാർച്ചിൽ എയർടെല്ലിന്റെ മൊത്തം മൊബൈൽ ഉപഭോക്താക്കൾ 22.55 ലക്ഷവും, ജിയോയുടെത് മൊത്തം 12.6 ലക്ഷവുമാണ്. മാർച്ച് മാസത്തിൽ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ ഏറ്റവും വലിയ നഷ്ടം വോഡഫോൺ ഐഡിയയ്ക്കായിരുന്നു. 28.18 ലക്ഷം ഉപഭോക്താക്കളെയാണ് കമ്പനിക്ക് നഷ്ടമായത്.