kk

ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് താത്‌കാലിക ആശ്വാസമായി കേന്ദ്രതീരുമാനം. 5000 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്‌പയെടുക്കുന്നതിന് സംസ്ഥാനത്തിന് കേന്ദ്രധനകാര്യമന്ത്രാലയം അനുമതി നൽകി .സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം കടമെടുപ്പിന് താത്കാലിക അനുമതി നല്‍കിയത്. എന്നാൽ ഈ വർഷത്തേക്കുള്ള വായ്പ പരിധി കേന്ദ്രം നിശ്ചയിച്ച് നൽകിയിട്ടില്ല.

വായ്പ എടുക്കാന്‍ സാധിക്കാത്തതിനാല്‍ ട്രഷറി നിയന്ത്രണടക്കം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്രാനുമതി ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കില്‍ പൊരുത്തക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്രം അനുമതി നല്‍കാതിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ പരിധിയില്‍പ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്‌. ഇതില്‍ നിന്ന് പിന്നോട്ട് പോകാനും കേന്ദ്രം തയ്യാറായിട്ടില്ല.

32,425 കോടി രൂപയാണ് സാമ്പത്തികവര്‍ഷം കേരളത്തിന് കടമെടുക്കാന്‍ കേന്ദ്രം നിശ്ചയിച്ച പരിധി. ഇത് ഗഡുക്കളായി ഏപ്രില്‍ ആദ്യംതന്നെ അനുവദിക്കുകയാണ് പതിവ്. റിസര്‍വ് ബാങ്കുവഴി കടപ്പത്രങ്ങളിലൂടെയാണ് ഇങ്ങനെ വായ്പയെടുക്കുന്നത്. ബാങ്കുകള്‍. എല്‍.ഐ.ണ്ടസി തുടങ്ങിയവയില്‍നിന്നുള്ള വായ്പകളും ഇതില്‍പ്പെടും.റിസര്‍വ് ബാങ്ക് വായ്പാ കലണ്ടര്‍പ്രകാരം ഏപ്രില്‍ 19-ന് (1000 കോടിരൂപ) ,മേയ് രണ്ട് (2000 കോടിരൂപ) മേയ് പത്ത് (1000 കോടിരൂപ) എന്നിങ്ങനെ കടമെടുക്കാനുള്ള ക്രമീകരണം കേരളം നടത്തിയിരുന്നു. കലണ്ടറില്‍ ഉള്‍പ്പെടുത്തിയാലും കടമെടുക്കാന്‍ അതത് സമയം കേന്ദ്രാനുമതി വേണം.

ജി.എസ്.ടി നഷ്ടപരിഹാരം അടുത്ത മാസം മുതൽ ലഭിക്കാത്ത സാഹചര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളും സഹായം തേടി കേന്ദ്രത്തെ സമീപിച്ചിരുന്നു.കേരളം നേരിടുന്ന വായ്പപ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ഉന്നയിച്ചിരുന്നു. കേരളം വായ്പ എടുക്കുന്നതിൽ കേന്ദ്രം തടസ്സം ഉന്നയിച്ചത് പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ബാലഗോപാൽ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു.