
ഒരു ദശാബ്ദത്തിലേറ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ജെയിംസ് കാമറൺ മാജിക് ' അവതാറി"ന്റെ രണ്ടാം ഭാഗത്തിന്റെ ടൈറ്റിലും റിലീസ് ഡേറ്റുമടക്കമുള്ള വിവരങ്ങളും പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ' അവതാർ - ദ വേ ഒഫ് വാട്ടർ " ( Avatar: The Way of Water ) എന്ന രണ്ടാം ഭാഗം ഈ വർഷം ഡിസംബർ 16നാണ് തിയേറ്ററുകളിലെത്തുന്നത്.രണ്ടാം ഭാഗത്തിന്റെ ആദ്യ ട്രെയിലർ 'ഡോക്ടർ സ്ട്രെയ്ഞ്ച് ഇൻ ദ മൾട്ടിവേഴ്സ് ഒഫ് മാഡ്നെസി"നൊപ്പം തിയേറ്റർ റിലീസായി പുറത്തെത്തിയത് ആരാധകരെ ആവേശത്തിലാക്കി. ട്രെയിലർ ഓൺലൈനിലെത്തുന്നതോടുകൂടി രണ്ടാം പതിപ്പിന്റെ റിലീസിലേക്കുള്ള കൗണ്ട് ഡൗൺ ആയി മാറും.
ഓസ്ട്രേലിയൻ നടൻ സാം വോർതിംഗ്ടൺ തന്നെയാണ് രണ്ടാം ഭാഗത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. സോയീ സാൽഡാന, സ്റ്റീഫൻ ലാംഗ് എന്നിവർക്ക് പുറമേ കേറ്റ് വിൻസ്ലെറ്റും വിൻ ഡീസലും പുതിയ പതിപ്പിലുണ്ടെന്നത് പ്രത്യേകതയാണ്. അവതാറിന്റെ മൂന്നാം ഭാഗം 2024 ഡിസം. 20, നാലാം ഭാഗം 2026 ഡിസം.18, അഞ്ചാം ഭാഗം 2028 ഡിസം. 22 എന്നിങ്ങനെ പുറത്തിറക്കാനാണ് പദ്ധതി. മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്.ദൂരെ, ആൽഫാ സെന്റോറി താരപഥത്തിൽ ജെയിംസ് കാമറൺ സൃഷ്ടിച്ച പാണ്ടോറയെന്ന ഗ്രഹവും അവിടുത്തെ നിബിഡ വനങ്ങളും പത്തടി ഉയരമുള്ള നീലനിറത്തോട് കൂടിയ മനുഷ്യരോട് സാമ്യമുള്ള ജീവികളും വീണ്ടും റെക്കോഡ് തകർക്കാൻ ഒരുങ്ങുകയാണ്. ടൈറ്റിലിൽ പറയുന്ന പോലെ ജലത്തിനടിയിലെ ഒരു ഗ്രാഫിക് വിസ്മയ ലോകം ചിത്രത്തിലെ ഹൈലൈറ്റാകും.
ലോകത്തിന്റെ അങ്ങോളമിങ്ങോളം എപിക് സയൻസ് ഫിക്ഷൻ ചിത്രമായ അവതാർ സൃഷ്ടിച്ച ഓളം എത്രത്തോളം വലുതാണെന്ന് അറിയാമല്ലോ. പ്രേക്ഷകരുടെ ഗ്രാഫിക് സങ്കല്പങ്ങളെയൊക്കെ അതിന്റെ അതിർവരമ്പുകൾക്കപ്പുറമെത്തിച്ച കാമറണിന്റെ അവതാർ ആദ്യ ഭാഗം 2009ലാണ് റിലീസായത്.
വളരെ നേരത്തെ തന്നെ റിലീസിനെത്തേണ്ടിയിരുന്ന അവതാർ 2ന്റെ വഴി തടഞ്ഞത് കൊവിഡാണ്. ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും വിഷ്വൽ വിസ്മയമായ അവതാർ തന്നെയാണ്. അവതാറിന്റെ ആദ്യ ഭാഗം 2,847 ബില്യൺ ഡോളർ വാരിക്കൂട്ടിയാണ് കളക്ഷൻ റെക്കോർഡുകൾ തകർത്തത്. അവഞ്ചേഴ്സ് എൻഡ്ഗെയിമും ടൈറ്റാനിക്കുമാണ് അവതാറിന് തൊട്ടുപിന്നിൽ. മികച്ച സിനിമയ്ക്കും സംവിധായകനും ഉൾപ്പെടെ 9 ഓസ്കാർ നോമിനേഷനുകൾ സ്വന്തമാക്കിയ അവതാറിന് മികച്ച ആർട്ട് ഡയറക്ഷൻ, സിനിമട്ടോഗ്രഫി വിഭാഗങ്ങളിൽ പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.