modi

ന്യൂഡൽഹി: ലോക വ്യാപാര സംഘടനയുടെ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലഘൂകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാമത് ആഗോള കൊവിഡ് വെർച്വൽ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം രണ്ടാമതും ആവശ്യപ്പെട്ടത്. ഒന്നരവർഷം മുൻപ് ലോക വ്യാപാര സംഘടനയോട് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൊവിഡ് പ്രതിരോധത്തിൽ പിന്നാക്കം നിൽക്കുന്ന അധികം വരുമാനമില്ലാത്ത രാജ്യങ്ങളിൽ മിതമായ നിരക്കിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ വിൽക്കാൻ അനുമതി ലഭിച്ചാൽ കഴിയും. ഇതിലൂടെ ലോകത്തെ കൊവിഡ് പ്രതിരോധത്തിൽ നിർണായകമായ പങ്ക് വഹിക്കാൻ ഇന്ത്യയ്‌ക്കാവും.

ലോകത്ത് വരുമാനം കുറവുള‌ള രാജ്യങ്ങളിൽ 15.9 ശതമാനം പേർക്ക് മാത്രമേ ഒരുഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനെങ്കിലും ലഭിച്ചിട്ടുള‌ളൂ എന്നാണ് ലഭ്യമായ വിവരം. എന്നാൽ വലിയ വരുമാനമുള‌ള രാജ്യങ്ങളിൽ അപകട സാദ്ധ്യത കുറവുള‌ള ജനവിഭാഗത്തിന് പോലും ബൂസ്‌റ്റർ ഡോസ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ലോകമാകെ ജനങ്ങൾക്ക് വാക്‌സിൻ നൽകാനായില്ലെങ്കിൽ കൊവി‌ഡിൽ നിന്നും ആരും മുക്തരായി എന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല.

ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ എഴുതിത്തള‌ളിയാൽ രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് കൂടുതൽ വാക്‌സിനുകൾ നിർമ്മിക്കാനും അത് വികസ്വര, അവികസിത രാജ്യങ്ങളിൽ കുറഞ്ഞ വിലയ്‌ക്ക് വിതരണം ചെയ്യാനുമാകും. നിലവിൽ ലോകത്ത് 50 ശതമാനത്തിലധികം വാക്‌സിനുകൾ വിതരണം ചെയ്യുന്നത് ഇന്ത്യയാണ്.

നിലവിൽ ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ ഇളവ് തേടി ഇന്ത്യയും ദക്ഷിണാഫ്രിക്കയും സമീപിച്ചിരിക്കുന്നത് അമേരിക്കയുടെ പിന്തുണയോടെയാണ്. എന്നാൽ യൂറോപ്യൻ യൂണിയൻ അംഗങ്ങളായ രാജ്യങ്ങൾക്ക് നിയമം ലഘൂകരിക്കുന്നതിനോട് അനുകൂല നിലപാടില്ല.

2021 മേയിൽ പുതിയൊരു നിർദ്ദേശം ഇന്ത്യ മുന്നോട്ടുവച്ചു. ഇതിൽ ആരോഗ്യ സംവിധാനങ്ങളും സാങ്കേതിക വിദ്യകളും ഉൾപ്പെടുത്തി. ഇതിന് ചൈനയുടെയും അമേരിക്കയുടെയും പിന്തുണകിട്ടി. എന്നാൽ അപ്പോഴും യൂറോപ്യൻ യൂണിയന് ഇക്കാര്യത്തിൽ അനുകൂലമായ നിലപാടായിരുന്നില്ല ഉണ്ടായിരുന്നത്.നിലവിലെ ഉടമ്പടി പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിന്നും ഒരു രാജ്യത്തെയും വിലക്കിയിട്ടില്ലെന്നാണ് അവരുടെ നിലപാട്.

ഇക്കാര്യത്തിൽ മരുന്ന് നിർമ്മാണ കമ്പനികളുടെ നിലപാടും യൂറോപ്യൻ യൂണിയൻ നിലപാടുപോലെ എതിർപ്പാണ്. കാരണം ഓരോ വാക്‌സിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വാണിജ്യ രഹസ്യങ്ങൾ പുറത്താകുന്നത് ഫലപ്രദമായി തടയപ്പെടുമോ എന്നാണ് ഇവരുടെ ചോദ്യം. വാക്‌സിൻ നിർമ്മാണത്തിന്റെയും ഗവേഷണത്തിന്റെയും വിവരങ്ങൾ പുറത്താകുന്നത് പുതിയ മരുന്ന് ഗവേഷണത്തിനും മറ്റുമുള‌ള അവരുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തുമോ എന്നുള‌ള സംശയമാണ് അവർക്കുള‌ളത്.