
കൊച്ചി: 92 കിലോ ചന്ദനമരം പിടികൂടി വനംവകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡ്. പനമ്പള്ളി നഗറിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് വിൽക്കാൻ വച്ചിരിക്കുന്ന ചന്ദനമരം പിടികൂടിയത്. സാജു സെബാസ്റ്റ്യൻ എന്നയാളാണ് വീട് വാടകയ്‌ക്കെടുത്തിരിക്കുന്നത്.
ഇടുക്കിയിൽ നിന്നാണ് ചന്ദനം കൊണ്ടുവന്നതെന്നാണ് സൂചന. ഇന്റലിജൻസിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ വാടക വീട്ടിൽ ചന്ദന കച്ചവടം നടക്കുന്നുണ്ട് എന്നായിരുന്നു വിവരം ലഭിച്ചത്.
വിവരം ലഭിച്ചയുടൻ വീട്ടിൽ പരിശോധന നടത്തുകയായിരുന്നെന്ന് റേഞ്ച് ഓഫീസർ പറഞ്ഞു. ചന്ദനം വാങ്ങാൻ എത്തിയ മൂന്ന് പേർ അടക്കം അഞ്ച് പേർ പിടിയിലായി. കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.