shahana

കോഴിക്കോട്: കാസർകോട് ചെറുവത്തൂർ സ്വദേശിയും നടിയുമായ ഷഹനയുടെ മരണം കൊലപാതകം തന്നെയാണെന്ന് സഹോദരൻ ബിലാൽ. അഞ്ചടിയിലേറെ ഉയരമുള്ള ഷഹന ജനലഴിയില്‍ തൂങ്ങിമരിച്ചെന്ന വാദം വിശ്വസിക്കാനാകില്ലെന്നാണ് സഹോദരൻ അഭിപ്രായപ്പെടുന്നത്.

സഹോദരിയുടെ ശരീരത്തിൽ മ‌ർദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നും കൊന്ന ശേഷം സജാദ് കെട്ടിത്തൂക്കിയതാകാം എന്നും ബിലാൽ പ്രതികരിച്ചു. ബലം പ്രയോഗിച്ച ലക്ഷണങ്ങളുണ്ടെന്നും കഴുത്തിനു പിന്നിൽ നിറം മാറിയിട്ടുണ്ടെന്നും സഹോദരൻ ചൂണ്ടിക്കാട്ടി.

'ഇന്നലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നു. അതിലെ പ്രാഥമിക നിഗമനം ആത്മഹത്യ എന്നാണ്. അതിനോട് ഞാൻ യോജിക്കുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥർ ചെയ്യുന്നത് സത്യസന്ധമായ കാര്യങ്ങളാണ്. എന്നാൽ മുൻപും ആത്മഹത്യയെന്ന് പറഞ്ഞിരുന്ന മരണങ്ങൾ കൊലപാതകങ്ങളാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് കൂടുതൽ പരിശോധനകൾ നടത്തണം. തൂങ്ങിയ കയർ, അവിടുത്തെ സാഹചര്യം തുടങ്ങിയവ പരിശോധിക്കണമെന്നാണ് അഭ്യർത്ഥന'- സഹോദരൻ പറഞ്ഞു.

shahana

സജാദിന്റെ ഉമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സഹോദരൻ പറഞ്ഞു. അയാളുടെ കൂട്ടുകെട്ട് മോശമാണെന്നും ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സഹോദരി പറഞ്ഞിരുന്നുവെന്നും ബിലാൽ വ്യക്തമാക്കി. വീട്ടിലേക്ക് തിരിച്ചുവരാൻ പലതവണ പറഞ്ഞിട്ടും ഷഹന കേട്ടിട്ടില്ലെന്നും അങ്ങോട്ടുവന്നാൽ തന്റെ ജീവിതം അല്ലേ പോകുന്നത് താൻ അ‍ഡ്ജസ്റ്റ് ചെയ്തോളാമെന്ന് ഷഹന പറഞ്ഞെന്നും ബിലാൽ കൂട്ടിച്ചേർത്തു.

അതേസമയം, ഷഹനയും സജാദും താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്‌.ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തിരുന്നു. സജാദ് ലഹരിക്കടിമയായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഫുഡ് ഡെലിവറിയുടെ മറവിലായിരുന്നു ഇയാൾ ലഹരിക്കച്ചവടം നടത്തിയിരുന്നത്.