
വൈശാഖ മാസത്തിലെ ശുക്ല പക്ഷ ചതുർത്ഥി ദിനത്തിലാണ് നരസിംഹ ജയന്തി ആഘോഷിക്കുന്നത്. മേയ് 14,15 തീയതികളിലായാണ് ഈ വർഷത്തെ നരസിംഹ ജയന്തി. അസുരനായ ഹിരണ്യകശിപുവിനെ വധിക്കാനായി ഭഗവാൻ മഹാവിഷ്ണു എടുത്ത നാലാമത്തെ അവതാരമാണ് നരസിംഹം. ശരിയായ രീതിയിൽ ഈ ദിവസം നരസിംഹ മൂർത്തിയെ ആരാധിക്കുന്നതിലൂടെ ഏറ്റവും വലിയ കഷ്ടപ്പാടുകളെ പോലും അതിജീവിക്കാൻ ഭഗവാൻ സഹായിക്കുമെന്നാണ് വിശ്വാസം. പുരുഷന്റെ ഉടലും സിംഹത്തിന്റെ തലയുമുള്ളതുകൊണ്ടാണ് ഈ അവതാരത്തെ നരസിംഹം എന്ന് പറയുന്നത്. രക്ഷകനായാണ് നരസിംഹ സ്വാമിയെ കണക്കാക്കുന്നത്. അതിനാൽ ഈ ദിവസം നരസിംഹ മൂർത്തിയെ ആരാധിക്കുന്നതിലൂടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ, ആരോഗ്യപ്രശ്നങ്ങൾ, കോടതി സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം പെട്ടെന്ന് തന്നെ മാറ്റി അനുഗ്രഹം നൽകുന്നു.
സമയം
വൈകിട്ട് നാലര മുതൽ ഏഴ് വരെയാണ് നരസിംഹ പൂജ ചെയ്യാനുള്ള ശുഭ മുഹൂർത്തം.
വ്രതം
നരസിംഹ ജയന്തി ദിവസം ഉപവാസമനുഷ്ഠിച്ച് മറ്റുള്ളവർക്ക് ദാനധർമങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്. കൂടാതെ ഈ ദിവസം അന്നദാനം നടത്തുന്നതും പുണ്യമാണ്. വിവാഹ കാര്യത്തിലും ജോലിക്കാര്യത്തിലും തടസങ്ങൾ നേരിടുന്നവർ ഈ ദിവസം വ്രതമെടുക്കുന്നത് ഉത്തമമാണ്. ഈ ദിവസം വൈകിട്ട് ശുദ്ധിയായി പൂജാമുറിയിൽ വിളക്ക് കൊളുത്തി തുളസിയില കൊണ്ട് നരസിംഹ മൂർത്തിക്ക് അർച്ചന നടത്തണം. നരസിംഹ മൂർത്തിയുടെ ചിത്രം വീട്ടിൽ ഇല്ലെങ്കിൽ വിഷ്ണു ഭഗവാന്റെ ചിത്രത്തിൽ അർച്ചന നടത്തുന്നതും നല്ലതാണ്. പൂജ ചെയ്യുമ്പോൾ പാലോ പാൽ പായസമോ പഴ വർഗങ്ങളോ നിവേദ്യമായി സമർപ്പിക്കാവുന്നതാണ്. മഹാനരസിംഹ മന്ത്രം അല്ലെങ്കിൽ 'ഓം നമോ നാരായണായ' എന്ന് ജപിക്കണം.
മഹാനരസിംഹ മന്ത്രം
ഓം ഉഗ്രം വീരം മഹാ വിഷ്ണും ജ്വലന്തം വിശ്വതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം
ഈ മന്ത്രം 108തവണ ചൊല്ലുന്നത് വളരെ നല്ലതാണ്. വീട്ടിൽ പൂജ ചെയ്യാൻ കഴിയാത്തവർക്കും നെയ് വിളക്ക് കൊളുത്തി ഈ മന്ത്രം ജപിച്ചാൽ ഫലം ലഭിക്കുന്നതാണ്. ഇന്ന് വൈകിട്ട് 3.22മുതൽ നാളെ ഉച്ചതിരിഞ്ഞ് 12.45വരെയാണ് നരസിംഹ ജയന്തി വരുന്നത്. സന്ധ്യാ സമയത്ത് അവതാരമെടുത്തിനാൽ ഈ സമയം പ്രാർത്ഥിക്കുന്നവർക്ക് ഭഗവാൻ അനുഗ്രഹം നൽകുമെന്നാണ് വിശ്വാസം. നാളെ ഉച്ചയ്ക്ക് 12.45ന് ശേഷമാണ് വ്രതം അവസാനിപ്പിക്കേണ്ടത്.