
വ്യത്യസ്ത രുചികൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്ത്യക്കാർ. വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയിൽ ഭക്ഷണത്തിലും ഈ മാതൃക പിന്തുടരുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിലും എന്തിന് ഓരോ ജില്ലകളിൽപോലും ഒരേ ഭക്ഷണത്തിന്റെ രുചി വെവ്വേറെയാകും. ഇന്ത്യക്കാരുടെ ഭക്ഷണത്തോടുള്ള പ്രത്യേക സ്നേഹം കൊണ്ടുതന്നെ ഫുഡ് വ്ളോഗുകൾക്കും റീൽസുകൾക്കുമെല്ലാം ആരാധകരും ഏറെയാണ്. എന്നാൽ അടുത്തിടെ സമൂഹമാദ്ധ്യമത്തിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോയ്ക്ക് ശാപവാക്കുകളാണ് ഏറെയും ലഭിക്കുന്നത്. മാഡി നൂഡിൽസിനോട് ഇന്ത്യക്കാർക്ക് ഒരു പ്രത്യേക സ്നേഹമാണുള്ളതല്ലേ? നമ്മുടെയൊക്കെ കുട്ടിക്കാലം ഓർമ്മിപ്പിക്കുന്ന നൊസ്റ്റാൾജിയ ഉണർത്താൻ മാഗിക്കാകും. എന്നാൽ അതിന്റെ രുചിയിൽ കൃത്രിമത്വം വരുത്തിയാലോ? അത്തരമൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിലിപ്പോൾ വൈറലാവുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡി എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വ്യത്യസ്തമായ മാഗി വീഡിയോ എത്തിയത്.
മാഗിയും മാംഗോയും തമ്മിൽ ബന്ധമുണ്ടോ? എന്നാൽ ഉണ്ടെന്നാണ് ഈ വീഡിയോ പറയുന്നത്. മസാലയൊക്കെ ചേർത്ത് മാഗി തയ്യാറാക്കിയതിന് ശേഷം അതിലേക്ക് മാംഗോ ജ്യൂസ് (മാങ്ങ ജ്യൂസ്) ഒഴിക്കുകയാണ് വീഡിയോയിൽ കാണുന്നത്. ഇത്തരത്തിൽ മാംഗോ മാഗി തയ്യാറായതിന് ശേഷം അതിലേക്ക് നല്ല പഴുത്ത മാങ്ങ അരിഞ്ഞിടുകയും പ്ളേറ്റിന്റെ ഒരു സൈഡിൽ മാംഗോ ജ്യൂസ് ഒഴിച്ചു നൽകുകയും ചെയ്യുന്നു. എന്നാൽ ഈ പാചകവീഡിയോയ്ക്ക് അഭിനന്ദനങ്ങൾക്ക് പകരം ആക്രോശങ്ങളാണ് ഏറെയും ലഭിച്ചത്.
അടുത്തിടെ ഇന്റർനെറ്റ് കണ്ട ഏറ്റവും വലിയ പരാജയമായ വീഡിയോ ആകും ഇത്. ഇതുണ്ടാക്കിയവർ നരകത്തിൽ പോകുമെന്നും എനിക്ക് ജീവിക്കാൻ വേറൊരു ഗ്രഹം വേണമെന്നുമൊക്കെ വീഡിയോയ്ക്ക് താഴെ കമന്റ് ലഭിക്കുന്നുണ്ട്. മാഗിയെ പീഡിപ്പിച്ചു എന്നു അഭിപ്രായപ്പെട്ടവരുമുണ്ട്. ഇതുണ്ടാക്കുന്നവർക്ക് കൗൺസിലിംഗ് നൽകുന്നതിനായി ദയവായി ലൊക്കേഷൻ വെളിപ്പെടുത്തൂ എന്നാണ് മറ്റൊരു കമന്റ്. മാഗി ഒരു വികാരമാണെന്നും അതിനെ നശിപ്പിക്കരുതെന്നും ചിലർ പറഞ്ഞു.