chittayam-gopakumar-veena

പത്തനംതിട്ട: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണാ ജോർജും തമ്മിലുള്ള പോര് മുറുകുന്നു. സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് പിന്നാലെ ചിറ്റയം ഗോപകുമാറും എൽഡിഎഫിന് പരാതി നൽകി. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണ് പരാതി. എൽ‌ഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്.

തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വീണാ ജോർജ് എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നും ചിറ്റയം ഗോപകുമാർ തുറന്നടിച്ചിരുന്നു.

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേയ്ക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോണെടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തി. വികസന പദ്ധതികളിലും അവഗണിച്ചുവെന്നും ഡെപ്യൂട്ടി സ്പീക്കർ തുറന്നടിച്ചു.