skybridge-721

യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് ആവേശം പകർന്ന് ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം കാണികൾക്കായി തുറന്നു. ചെക്ക് റിപ്പബ്ളിക്കിലെ സ്‌കൈ ബ്രിഡ്‌ജ് 712 എന്ന പാലമാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. രണ്ട് വർഷത്തോളമെടുത്തായിരുന്നു പാലത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

ഭീതിജനിപ്പിക്കുന്നതും എന്നാൽ ആവേശം കൊള്ളിക്കുന്നതുമായ അനുഭവമാണ് തൂക്കുപാലം സമ്മാനിക്കുക. കാടിന് നടുവിലൂടെ ആകാശത്തെത്തൊട്ട് യാത്ര ചെയ്യുന്ന അനുഭൂതിയാണ് സ‌ന്ദർശകർക്ക് പകരുന്നത്. രണ്ട് മലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 721 മീറ്റർ (2356 അടി) നീളമാണുള്ളത്. താഴ്‌വരയിൽ നിന്നും 95 മീറ്റർ (312 അടി) ഉയരത്തിലുമായാണ് പാലം സ്ഥിതി ചെയ്യുന്നത്. കേബിൾ കാറിന്റെ സഹായത്താലാണ് ടൂറിസ്റ്റുകൾക്ക് തൂക്കുപാലത്തിൽ കയറാൻ സാധിക്കുക.

sky-bridge-721

ഒറ്റ വശത്ത് കൂടെ മാത്രമായിരിക്കും സന്ദർശകർക്ക് തൂക്കുപാലത്തിൽ നടക്കാനാവുക. പാലം കടന്ന് മറുവശത്ത് എത്തുന്നത് കാട്ടിലേക്ക് തുറക്കുന്നനടപ്പാതയിലേക്കാണ്. 1.2 മീറ്റർ വീതിയുള്ള പാലത്തിൽ എല്ലാ പ്രായത്തിലുള്ളവർക്കും കയറാൻ അനുവാദമുണ്ട്. എന്നാൽ വീൽച്ചെയറിൽ എത്തുന്നവർക്ക് പാലത്തിലെ യാത്ര കഠിനമായിരിക്കും.

8.4 മില്യൺ ഡോളറാണ് പാലത്തിന്റെ നിർമാണ ചെലവ്. ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലമെന്ന് അറിയപ്പെട്ടിരുന്ന നേപ്പാളിലെ ബാഗ്‌ലുംഗ് പർബത്ത് തൂക്കുപാലത്തെക്കാളും 154 മീറ്റർ നീളം കൂടുതലുള്ളതിനാൽ സ്‌കൈ ബ്രിഡ്‌ജ് 712 ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലമെന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.

skybridge-721

ചെക്ക് റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ പ്രാഗിൽ നിന്ന് രണ്ടര മണിക്കൂർ യാത്രചെയ്ത് തൂക്കുപാലത്തിൽ എത്താം. യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ളിക്ക് ഓസ്ട്രിയ, ജർമനി, പോളൻഡ്, സ്ളോവാക്യയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.