
കൊൽക്കത്ത: കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയോടും സംസ്ഥാനം ഭരിക്കുന്ന തൃണമൂൽ കോൺഗ്രസിനോടും പോരാടാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് മുതിർന്ന സി.പി.എം നേതാവും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ. ശ്വാസകോശ രോഗബാധിതനായതിനാൽ കുറച്ച് വർഷങ്ങളായി അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് അകന്ന് കഴിയുകയാണ്. കൊൽക്കത്തയിൽ നടക്കുന്ന 11ാമത് ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ വേദിയിൽ വച്ച് ഓഡിയോ സന്ദേശത്തിലൂടെയാണ് ബുദ്ധദേബ് തന്റെ നയം വ്യക്തമാക്കിയത്. കൂടാതെ, സന്ദേശം ഒരാൾ ഉറക്കെ വായിക്കുകയും ചെയ്തു.
ഇരു പാർട്ടികളും ജനങ്ങൾക്ക് എതിരാണെന്നും ജനാധിപത്യ രീതിയിലല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെയേ ഇവരുടെ പൈശാചിക നടപടികൾ തകർക്കാനാവൂ. എതിർപ്പുകൾ നേരിട്ടിട്ടും സംസ്ഥാനമൊട്ടാകെ ശക്തമായി പ്രവർത്തിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിച്ചു. മേയ് 12 ന് ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കും.