
ന്യൂഡൽഹി: ഒരിടവേളയ്ക്കു ശേഷം ഒത്തുകളി വിവാദം വീണ്ടും ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേർക്കെതിരെ സി ബി ഐ കേസെടുത്തു. ഡൽഹി രോഹിണി സ്വദേശി ദിലീപ് കുമാർ, ഹൈദരാബാദ് സ്വദേശികളായ ഗുരം വാസു, ഗുരം സതീശ് എന്നിവരെ പ്രതി ചേർത്താണ് സിബിഐ എഫ് ഐ ആർ ഫയൽ ചെയ്തിരിക്കുന്നത്.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലെ ഏതാനും മത്സരങ്ങളുടെ ഫലങ്ങളെ സ്വാധീനിക്കുന്ന തരത്തിൽ പ്രതികൾ ചില വമ്പൻ ഇടപെടലുകൾ നടത്തിയതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്. പ്രതികൾക്ക് പാകിസ്ഥാനിലെ ചില വാതുവയ്പ്പ് സംഘവുമായി ബന്ധമുള്ളതായും അന്വേഷണത്തിൽ തെളിഞ്ഞതായി സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രതികൾ കള്ളപ്പേരിൽ ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുകയും അതുവഴി പണമിടപാട് നടത്തിയതായും കണ്ടെത്തി. ബാങ്ക് അക്കൗണ്ട് തുടങ്ങാൻ നിർബന്ധമായും വേണ്ട കെവൈസി വിവരങ്ങളിലും ഇവർ കൃത്രിമം കാട്ടിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടുകൾ വഴി രാജ്യത്തെ പൊതുജനങ്ങളെയും ഇവർ കബളിപ്പിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പൊതുജനങ്ങളിൽ നിന്ന് വാതുവയ്പ്പുമായി ബന്ധപ്പെട്ട് പിരിച്ചെടുത്ത തുകകൾ ഈ അക്കൗണ്ടുകൾ വഴിയാണ് കൈമാറിയിരുന്നത്.
വാതുവയ്പ്പിൽ നിന്ന് ലഭിക്കുന്ന തുകയുടെ ഒരു വിഹിതം പാകിസ്ഥാനിലുള്ള വാതുവയ്പ്പ് സംഘത്തിനും ഇവർ കൈമാറിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പാകിസ്ഥാനിലേക്ക് പണമയയ്ക്കുന്നതിന് ഹവാല പണമിടപാട് സംഘങ്ങളെയാണ് പ്രധാനമായും പ്രതികൾ ആശ്രയിച്ചിരുന്നതെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.