kk

ന്യൂഡൽഹി: യു എ ഇ ആസ്ഥാനമായുള്ള ഒരു ഹോട്ടലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കലുമായ ബന്ധപ്പെട്ട് അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് അംഗങ്ങൾക്കെതിരെ സമർപ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്.

പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൾ റസാഖ് ബി പി എന്ന അബ്ദുൾ റസാഖ് പീടിയക്കൽ, അഷറഫ് ഖാദിർ എന്ന അഷ്‌റഫ് എം.കെ എന്നിവർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി ലക്നൗവിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇരുവരും അറസ്റ്റിലായത്.

22 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാടിലാണ് കേസെടുത്തിരിക്കുന്നത്. പി.എഫ്‌.ഐ കേരള സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ അഷ്‌റഫ് എം,​കെയ്ക്ക് സംഘടനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഫണ്ടിംഗിൽ പങ്കുണ്ടെന്ന് ഇഡി ആരോപിച്ചു.
,​
പി.എഫ്.ഐയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അബുദാബിയിലെ റസ്റ്റോറന്റിന്റെ ഉടമയായിരുന്നു അഷ്‌റഫെന്നും റസ്റ്റോറന്റ് വഴിയുള്ള കുറ്റകൃത്യങ്ങളുടെ വരുമാനം ഒളിച്ചുവെക്കാൻ, റസ്റ്റോറന്റിന്റെ ഉടമസ്ഥാവകാശം സർക്കാർ അധികാരികളോട് അദ്ദേഹം വെളിപ്പെടുത്തിയില്ലെന്നും ഇഡി കുറ്റപത്രത്തിൽ വ്യക്തമാക്കി.

ഈ റസ്റ്റോറന്റ് വഴി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അബ്ദുൾ റസാഖ് ബി.പിക്കും പങ്കുണ്ടെന്ന് ഏജൻസി പറയുന്നു.
പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ മുൻ പ്രസിഡന്റ് കൂടിയായ അഷ്‌റഫിനെ 2010ൽ പ്രൊഫസർ ജോസഫിന്റെ കൈ വെട്ടിയ കേസിലും എൻ.ഐ.എ പ്രതി ചേർത്തിരുന്നു.