gold

ന്യൂഡൽഹി: ഇന്ത്യയുടെ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിക്കൂട്ടി റിസർവ് ബാങ്ക്. 2017-18 മുതൽ കരുതൽ ശേഖരത്തിൽ സ്വർണത്തിന്റെ പങ്ക് കൂടുകയാണ്. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വളർച്ച 100 ടൺ. ഇക്കഴിഞ്ഞ മാർച്ചുവരെയുള്ള കണക്കുപ്രകാരം 760.42 ടണ്ണാണ് വിദേശ നാണയശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം.

453.52 ടൺ വിദേശത്തും (ബാങ്ക് ഒഫ് ഇംഗ്ളണ്ട്) 295.82 ടൺ ആഭ്യന്തരമായുമാണ് റിസർവ് ബാങ്ക് സൂക്ഷിച്ചിട്ടുള്ളത്. മൊത്തം വിദേശ നാണയശേഖരത്തിൽ സ്വർണത്തിന്റെ വിഹിതം 2021 സെപ്‌തംബറിൽ 5.88 ശതമാനമായിരുന്നത് ഈവർഷം മാർച്ചിൽ 7.01 ശതമാനമായും ഉയർന്നു.

തളർച്ചയുടെ പാതയിൽ

വിദേശ നാണയശേഖരം

ഇന്ത്യയുടെ വിദേശ നാണയശേഖരത്തിന്റെ ഇടിവ് തുടരുന്നു. മേയ് ആറിന് സമാപിച്ച ആഴ്ചയിൽ 177.4 കോടി ഡോളർ ഇടിഞ്ഞ് 59,595.4 കോടി ഡോളറായി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ 269.5 കോടി ഡോളറിന്റെ ഇടിവും നേരിട്ടിരുന്നു. കഴിഞ്ഞ ഒക്‌ടോബർ-മാർച്ചിൽ മാത്രം 2,805 കോടി ഡോളറിന്റെ ഇടിവുണ്ടായിരുന്നു. വിദേശ കറൻസി ആസ്‌തി 196.8 കോടി ഡോളർ താഴ്‌ന്ന് 53,085.5 കോടി ഡോളറിലെത്തി. 4,173 കോടി ഡോളറാണ് കരുതൽ സ്വർണശേഖരം. വർദ്ധന 13.5 കോടി ഡോളർ.