
കൊൽക്കത്ത: മൊഹമ്മദൻസ് സ്പോർട്ടിംഗ് ക്ളബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്സി ഐലീഗ് കിരീടം നിലനിർത്തി. ഐലീഗിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ക്ളബ് കിരീടം നിലനിർത്തുന്നത്. ഇന്ന് നടന്ന ലീഗിലെ അവസാന മത്സരത്തിൽ കിരീടം നിലനിർത്താൻ ഗോകുലത്തിന് മൊഹമ്മദൻസിനെതിരെ ഒരു സമനില മാത്രം മതിയായിരുന്നു. എന്നാൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കൊൽക്കത്ത ക്ളബിനെ തകർത്തു കൊണ്ടാണ് ഗോകുലം കേരള തങ്ങളുടെ മേധാവിത്തം ഉറപ്പിച്ചത്.

ഗോൾരഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 49ാം മിനിട്ടിലായിരുന്നു ഗോകുലം ലീഡ് നേടുന്നത്. റിഷാദിന്റെ വകയായിരുന്നു ഗോകുലത്തിന്റെ ഗോൾ. എന്നാൽ 57ാം മിനിട്ടിൽ അസ്ഹറുദ്ദീൻ മല്ലിക്കിലൂടെ സമനില നേടിയ മൊഹമ്മദൻസ് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തി. എന്നാൽ 61ാം മിനിട്ടിൽ മലയാളി താരം എമിൽ ബെന്നിയിലൂടെ തിരിച്ചടിച്ച ഗോകുലം വീണ്ടും ലീഡ് സ്വന്തമാക്കുകയായിരുന്നു. എമിലിന്റെ ഗോൾ വീണതോടെ ഐലീഗ് കിരീടം ഏകദേശം ഉറപ്പിച്ച രീതിയിലായിരുന്നു പിന്നീടുള്ള ഗോകുലത്തിന്റെ ഓരോ മുന്നേറ്റങ്ങളും. ഒരു ഗോളിന് പിന്നിലായതോടെ മൊഹമ്മദൻസ് ഗോകുലം ഗോൾ മുഖത്തേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്നു. എന്നാൽ സെന്റർ ഡിഫൻഡർ അമിനോ ബൗബയും ഗോൾ കീപ്പർ രക്ഷിത് ദകറും ചേർന്ന് മൊഹമ്മദൻസിന്റെ എല്ലാ മുന്നേറ്റങ്ങളുടെയും മുനയൊടിച്ചു.
ഈ സീസണില്‍ 18 മത്സരം കളിച്ച ഗോകുലം കേരള ഒറ്റ മത്സരത്തിൽ മാത്രമാണ് പരാജയം രുചിച്ചത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനാൽ ക്യാപ്ടൻ ഷരീഫ് മുഹമ്മദ് ഇല്ലാതെയായിരുന്നു ഗോകുലം ഇറങ്ങിയത്. പ്രതിരോധ താരം അമിനോ ബൗബയായിരുന്നു ഫൈനലിൽ ഗോകുലത്തെ നയിച്ചത്.