class

കൽപ്പറ്റ: രാജ്യത്തെ വിവിധ സർവ്വകലാശാലകളിൽ എൽഎൽബിക്ക് ചേരുന്നതിനുള്ള പ്രവേശന പരീക്ഷയായ ക്ലാറ്റ് (കോമൺ ലോ അഡ്മിഷൻ ടെസ്റ്റ്) വിജയിക്കുന്നതിന് ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനവുമായി കേരള കേന്ദ്ര സർവകലാശാല നിയമപാഠന വിഭാഗം.

ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ നിയമഗോത്രം പരിപാടിയുടെ ഭാഗമായാണ് സർവശാലയുടെ തിരുവല്ല നിയമപപഠന വിഭാഗത്തിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും വയനാട്ടിൽ താമസിച്ച് പരിശീലന ക്ലാസ് നൽകുന്നത്. കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലാണ് ക്ലാസ്.

കണിയാമ്പറ്റ, നൂൽപ്പുഴ, നല്ലൂർനാട് തുടങ്ങിയ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട 22 വിദ്യാർത്ഥികളാണ് പരീക്ഷക്ക് തയ്യാറെടുക്കുന്നതെന്ന് കേന്ദ്ര സർവകലാശാല സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് ഡീൻ ഡോ. കെ എ ജയശങ്കർ കേരള കൗമുദിയോട് പറഞ്ഞു.

പൂർണമായും സൗജന്യമായി നൽകുന്ന പരിശീലന പരിപാടിയിൽ ഡോ ജയശങ്കറിനെ കൂടാതെ, തിരുവല്ല ക്യാമ്പസിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജെ ഗിരീഷ് കുമാർ, ഗവേഷക വിദ്യാർത്ഥി വിശ്രുത് രവീന്ദ്രൻ, അഭിഭാഷകരായ ശരത്, പോൾ ഗിരി, കോഴിക്കോട് ഗവ.ലോ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ലോവെൽ മാൻ, ഡോ.കവിത ചാലക്കൽ എന്നിവർ നേതൃത്വം നൽകുന്നു.

നേരത്തെ ഓൺലൈനായി പരിശീലനം നൽകിയിരുന്നു. പാലക്കാട് അട്ടപ്പാടിയിലും മലമ്പുഴയിലും സർവകലാശാല നിയമ പഠന വിഭാഗം പരിശീലന ക്ലാസ് നൽകുന്നുണ്ട്. ഇരുളർ വിഭാഗത്തിൽ ഉൾപ്പെടുന്ന 29 കുട്ടികളാണ് പാലക്കാട് ജില്ലയിൽ ക്ലാറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നത്. കൂടാതെ കേരളത്തിലെ ലോ കോളേജുകളിൽ പ്രവേശനത്തിനായുള്ള 'ക്ലീ' പരീക്ഷയ്ക്കും കുട്ടികൾ തയ്യാറെടുക്കുന്നുണ്ടെന്നും ജയശങ്കർ അറിയിച്ചു.

മുൻവർഷത്തിൽ ജില്ലയിൽ നടത്തിയ പരീശീലന ക്ലാസിൽ നിന്നും അഞ്ചു വിദ്യാർത്ഥികൾ ക്ലാറ്റ് പരീക്ഷ പാസായി ദേശീയ നിയമ സർവകലാശാലയടക്കമുള്ള നിയമ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൽ. എൽ. ബി ക്ക് പ്രവേശനം നേടിയിട്ടുണ്ട്.ജൂൺ 19നാണു ഈവർഷത്തെ പ്രവേശന പരീക്ഷ നടക്കുന്നത്.