
തിരുവനന്തപുരം: ഉപാധികൾക്ക് വിധേയമായി അയ്യായിരം കോടി രൂപ വായ്പ എടുക്കാൻ കേന്ദ്രം താത്കാലിക അനുമതി നൽകിയെങ്കിലും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ കഴിയാത്ത അവസ്ഥയിലാണ് കേരളം. അയ്യായിരം കോടിയിൽ നിന്ന് ഈ മാസം രണ്ടു തവണയായി നാലായിരം കോടി വായ്പ എടുത്ത് ശമ്പളവും പെൻഷനും കൊടുക്കാനാണ് തീരുമാനം. കിഫ്ബിയുടെ പേരിലും കേരള സർവീസ് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ പേരിലും കേരളം വാങ്ങുന്ന വായ്പകൾ പൊതുകടത്തിൽ ഉൾപ്പെടുത്തണമെന്ന വാദത്തിൽ ഉറച്ചു നിന്നാണ് കേന്ദ്രം പിടിമുറുക്കുന്നത്. എന്നാൽ, ദേശീയ പാത അതോറിട്ടിയുടെ പേരിലും എഫ്.സി.ഐയുടെ പേരിലും വായ്പ എടുക്കുന്ന കേന്ദ്രം, അവ പൊതുകടത്തിൽ ഉൾപ്പെടുത്താത്തത് ചൂണ്ടിക്കാട്ടി കേരളം സ്വന്തം നടപടിയെ ന്യായീകരിക്കുന്നു. ഇത് അംഗീകരിക്കാൻ തയ്യാറാവാതെയാണ് പുതിയ സാമ്പത്തികവർഷത്തിൽ വായ്പയെടുക്കാൻ കേന്ദ്രം അനുമതി നിഷേധിച്ചത്.
പിന്നാലെ അയ്യായിരം കോടി വായ്പ എടുക്കാൻ അനുമതി നൽകിയതു തന്നെ ഉപാധികൾക്ക് വിധേയമായാണ്.ഇപ്പോൾ എടുക്കുന്ന വായ്പ ഈ സാമ്പത്തിക വർഷം അനുവദിക്കുന്ന പൊതുകടത്തിൽ നിന്ന് കുറവ് ചെയ്യുമെന്നതാണ് പ്രധാന ഉപാധി. മുൻവർഷമെടുത്ത വായ്പകളുടെയും ചെലവിന്റെയും പൊരുത്തക്കേടുകൾക്ക് രേഖകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിൽ യുക്തമായ വിശദീകരണം നൽകുകയും വേണം.
കേന്ദ്രത്തിൽ നിന്ന് പല ഇനങ്ങളിലായി കിട്ടുന്ന തുകയിൽ ഈ വർഷം 12000കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് നേരത്തേതന്നെ വ്യക്തമായിരുന്നു. ജി.എസ്.ടി നഷ്ടപരിഹാരം നിറുത്തലാക്കുന്നതിനു പുറമേ, കമ്മി നികത്താനുള്ള സഹായവും ആസൂത്രണ ഗ്രാന്റും കുറയുന്നതാണ് കാരണം.
കൂടുതൽ വായ്പ എടുത്ത് ഈ പ്രതിസന്ധി മറികടക്കാമെന്നാണ് സംസ്ഥാന സർക്കാർ കണക്കുകൂട്ടിയത്. ആ മാർഗമാണ് അടഞ്ഞത്. ഏപ്രിലിൽ 1000കോടിയും മേയ് മാസത്തിൽ 5000കോടിയും ജൂണിൽ 3000കോടിയും വായ്പയെടുക്കാനായിരുന്നു തീരുമാനം.നിലവിലെ സാഹചര്യത്തിൽ അത് സാധ്യമല്ല.ഏറ്റുമുട്ടലിന് നിൽക്കാതെ, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ കണ്ട് പരിഹാരം കാണാനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം.