
അമ്പത്തിയേഴുകാരനായ മുത്തു മുപ്പത് വർഷമായി കെട്ടിയാടിയ പുരുഷവേഷം ഇനി അഴിച്ച് വീണ്ടും പേച്ചിയമ്മയായി മാറുമോ ? സമൂഹമാദ്ധ്യമങ്ങളിൽ പേച്ചിയമ്മയുടെ ജീവത കഥ വൈറലായതോടെ ഉയരുന്ന ചോദ്യം ഇതാണ്. ഇരുപത് വയസുള്ളപ്പോൾ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീ മകളെ വളർത്തുന്നതിനായി പുരുഷനായ വാർത്ത ഒരു ദേശീയ മാദ്ധ്യമമാണ് പുറത്തു കൊണ്ട് വന്നത്. 'പുരുഷാധിപത്യ സമൂഹത്തിൽ' മകളെ സ്വന്തം കാലിൽ വളർത്തണമെന്ന അമ്മയുടെ വാശിയാണ് മുപ്പത്തിയേഴ് വർഷം ആണായി ജീവിക്കാൻ പ്രേരിപ്പിച്ചത്.
പേച്ചിയമ്മ മുത്തുവായതെന്തിന് ?
കടുനായ്ക്കൻപട്ടി ഗ്രാമത്തിൽ ജീവിച്ചിരുന്ന ഇരുപതുകാരിക്ക് ചെറുപ്രായത്തിൽ ഭർത്താവിനെ നഷ്ടമായപ്പോൾ മുൻപിലുണ്ടായിരുന്നത് വലിയ വെല്ലുവിളിയായിരുന്നു. പേച്ചിയമ്മയുടെ സമുദായത്തിൽ പുരുഷാധിപത്യം ശക്തമായിരുന്നു. അതിനാൽ തന്നെ സ്ത്രീകൾക്ക് പുറത്ത് പോയി ജോലി ചെയ്ത് സമ്പാദിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല. പെൺകുഞ്ഞിന് ജന്മം നൽകിയ പേച്ചിയമ്മാൾ ജോലിക്ക് പോയത് സമുദായത്തിലുള്ളവർക്ക് രസിച്ചില്ല. ചെയ്ത തെറ്റിന് അവർ അവളെ ക്രൂരമായി മർദ്ദിച്ചു. ഇതോടെ തന്റെ സ്ത്രീത്വത്തിന്റെ അടയാളമായ വസ്ത്രവും, മുടിയുമെല്ലാം ഉപേക്ഷിച്ച് പുരുഷനാവാൻ പേച്ചിയമ്മാൾ തീരുമാനിക്കുകയായിരുന്നു. മുരുക ക്ഷേത്രത്തിൽ പോയി മുടിമുറിച്ച് മുത്തു എന്ന പേര് സ്വീകരിച്ച അവളെ മിക്ക പണിയിടങ്ങളിലും 'അണ്ണാച്ചി' എന്ന പേരിലാണ് പുരുഷനെന്ന് ധരിച്ച് ആളുകൾ വിളിച്ചിരുന്നത്. കൺസ്ട്രക്ഷൻ സൈറ്റുകൾ, ഹോട്ടലുകൾ, ചായക്കടകൾ എന്നിവിടങ്ങളിൽ ജോലി ചെയ്ത പേച്ചയമ്മ ജീവിതത്തിൽ തണലായ മകൾക്ക് വേണ്ടതെല്ലാം വാങ്ങി നൽകി. പെയിന്റർ, ടീ മാസ്റ്റർ, പറോട്ടാ മേക്കർ എന്നിങ്ങനെയുള്ള ജോലികളായിരുന്നു മുത്തു ഇക്കാലയളവിൽ ആത്മാർത്ഥമായി ചെയ്തത്.
മകൾക്ക് സുരക്ഷിതവുമായ ജീവിതം ഉറപ്പാക്കാൻ ഓരോ പൈസയും സമ്പാദിച്ചു വച്ച പേച്ചിയമ്മളുടെ മകൾ ഷൺമുഖസുന്ദരി ഇപ്പോൾ വിവാഹിതയാണ്. എന്നാൽ മകളെ സുരക്ഷിതയാക്കിയിട്ടും ജീവിതത്തിൽ മുത്തുവിന്റെ വേഷത്തിൽ നിന്നും പുറത്തിറങ്ങാൻ പേച്ചിയമ്മാൾ മടിക്കുന്നു. കാരണം ആധാർ, വോട്ടർ ഐഡി, ബാങ്ക് അക്കൗണ്ട് എന്നിവയുൾപ്പെടെ എല്ലാ രേഖകളിലും ഇവർ ഇപ്പോൾ മുത്തുവാണ്. മരണം വരെ 'മുത്തു' ആയി തുടരാൻ പേച്ചിയമ്മാൾ ആഗ്രഹിക്കുന്നതിന് ഒരു കാരണം കൂടിയുണ്ട്. തന്റെ എല്ലാമെല്ലാമായ മകളെ സുരക്ഷിതമായ ഇടത്ത് എത്തിക്കുവാൻ സഹായിച്ചത് മുത്തു എന്ന വേഷമാണ്, അത് വിട്ടൊഴിയാൻ ഇവർ തയ്യാറല്ല.