യഷ് നായകനായ കെ ജി എഫ് 2 കഴിഞ്ഞ മാസമാണ് തീയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ മലയാളം ഡബ്ബിംഗിന് പിന്നിൽ പ്രവർത്തിച്ചത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമകൃഷ്ണനാണ്. തന്റെ വിശേഷങ്ങൾ കൗമുദി ടിവിയോട് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

'പൃഥ്വിരാജ് വിളിച്ചുപറഞ്ഞപ്പോൾ വളരെ സന്തോഷപൂർവം ഏറ്റെടുത്തു. എനിക്ക് കിട്ടിയ അവസരമായിരുന്നു കെ ജി എഫ്. കൊവിഡ് സാഹചര്യത്തിൽ കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് കുറേയേറെ ആളുകളുമായി പോയി. ആ വലിയ സിനിമയുടെ ഭാഗമായി.
നാളിതുവരെയുള്ള അന്യഭാഷാ സിനിമകൾക്ക് ലഭിക്കാത്ത സ്വാതന്ത്ര്യം ലഭിച്ചു. ഇതുവരെ ഈ മേഖലയിൽ പ്രവർത്തിച്ചവരൊന്നും കഴിവുകെട്ടവരല്ല. പക്ഷേ അവർക്ക് സമയം കിട്ടിയില്ല. മൊഴിമാറ്റ ചിത്രങ്ങൾ ചെയ്യുമ്പോൾ 48 മണിക്കൂർ,72 മണിക്കൂർ ഡെഡ്‌ലൈനിനുള്ളിൽ നിന്ന് ചെയ്യണം ഇതിപ്പോൾ അങ്ങനെയല്ല. കൊവിഡ് ഉള്ളതുകൊണ്ട് റിലീസ് ഡേറ്റ് മാറിക്കൊണ്ടിരുന്നു. അത്രയും സമയം ഇതിനുപിന്നിൽ പ്രവർത്തിക്കാൻ പറ്റി.'-അദ്ദേഹം പറഞ്ഞു. അന്യഭാഷാ ചിത്രങ്ങളെ മലയാളികൾ ബഹുമാനിച്ചുതുടങ്ങിയതിന്റെ ഉദാഹരമാണ് കെ ജി എഫ് 2 എന്നും അദ്ദേഹം വ്യക്തമാക്കി.