
പാഴ്‌വസ്തുക്കളിൽ നിന്ന് പുനരുപയോഗിക്കാവുന്ന (റിന്യൂവബിൾ) ബയോസിമന്റ് വികസിപ്പിച്ച് ശാസ്ത്രജ്ഞർ. സിംഗപൂരിലെ നാൻയാംഗ് ടെക്നോളജിക്കൽ സർവകാലാശയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് ഈ നേട്ടത്തിന് പിന്നിൽ. സാധാരണ സിമന്റിന് പകരമായി ഇത് ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഉറയ്ക്കൽ പ്രക്രിയയ്ക്ക് (ഹാർഡനിംഗ് റിയാക്ഷൻ) കാരണമാകുന്ന ഒരു പ്രത്യേക തരം ബാക്ടീരിയ ഉപയോഗിച്ച് മണ്ണ് സ്വയം കൂടിച്ചേർന്ന് ഒരു കട്ടയായി മാറും. ഇങ്ങനെയാണ് ബയോസിമന്റിന്റെ പ്രവർത്തനം.

ബയോസിമന്റ് നിർമിക്കാൻ ബാക്ടീരിയയെക്കൂടാതെ മറ്റ് മൂന്ന് പ്രധാന ഘടകങ്ങളാണ് ഉപയോഗിക്കുക. വ്യാവസായിക കാർബൈഡിന്റെ ചെളി (സ്ലഡ്ജ്), സസ്തനികളുടെ മൂത്രത്തിൽ നിന്നുള്ള യൂറിയ, ഒരു കാത്സ്യത്തിന്റെ ഉറവിടം.
കാർബൈഡ് സ്ലഡ്ജിലെ കാത്സ്യം അയോണുകളും യൂറിയയും തമ്മിലുള്ള പ്രവർത്തനം വഴി കട്ടിയുള്ള ഒരു പ്രസിപിറ്റേറ്റ് (അവഷിപ്തം) ഉണ്ടാകുന്ന പ്രക്രിയയാണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്തത്. കാഠിന്യമേറിയ ഖര രൂപത്തിലുള്ള ഒരു കട്ടായായിട്ടാണ് അവഷിപ്തം രൂപപ്പെടുക.
A new biocement made from #waste materials - urine and industrial sludge - may be a cost-effective soil-improvement method useful for strengthening grounds prior to #construction, controlling beach erosion and building seawalls. #NTUsg2025 #NTUsgInnovation https://t.co/VRkDgpZndd pic.twitter.com/SrhSBqCjn7
— NTU Singapore (@NTUsg) May 13, 2022
കാർബൈഡ് സ്ലഡ്ജിൽ കൂടാതെ സാധാരണ മണ്ണിലും ശാസ്ത്രജ്ഞർ ഈ പരീക്ഷണം നടത്തി വിജയിച്ചു. ഈ പരീക്ഷണത്തിൽ നിന്നും ഉണ്ടായ അവഷിപ്തതവും കാഠിന്യമേറിയ കട്ടയായിട്ടാണ് രൂപപ്പെട്ടത്. ഇതിന് മണ്ണിന്റെ കണങ്ങളെ പരസ്പരം ബന്ധിപ്പിക്കുക മാത്രമല്ല അവയ്ക്കിടയിലെ വിടവുകൾ നികത്താനും സാധിച്ചു. ഈ പ്രക്രിയയാണ് ബയോസിമന്റിന്റെ രൂപപ്പെടലിന് കാരണമായത്.
2022 ഫെബ്രുവരിയിൽ ജേണൽ ഓഫ് എൻവയോൺമെന്റൽ കെമിക്കൽ എഞ്ചിനീയറിംഗിൽ പ്രസിദ്ധീകരിച്ച ഒരു പ്രൂഫ് ഓഫ് കൺസെപ്റ്റ് റിപ്പോർട്ടിൽ മണ്ണ് മെച്ചപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞതും സുസ്ഥിരവുമായ മാർഗമായി ബയോസിമെന്റ് മാറുമെന്ന് കാണിച്ചിരുന്നു.

ഖനന പ്രദേശങ്ങളിലും നിർമാണ മേഖലയിലും മറ്റും മണ്ണ് ശക്തിപ്പെടുത്തുന്നതിന് ബയോസിമന്റ് ഉപയോഗിക്കാം. ബീച്ചുകളിലും മരൂഭൂമികളിലും മറ്റും ശുദ്ധജല സംഭരണികൾ നിർമിക്കുന്ന സമയത്തും ഇവ ഗുണകരമാകും. പാറകളിലും മറ്റുമുള്ള വിള്ളലുകൾ അടയ്ക്കാനും ഇത് സഹായിക്കും. ഇതുവഴി ചോർച്ചകളും തടയാനാകും. കൊത്തുപണികളിലും മറ്റും ഉണ്ടാകുന്ന വിള്ളലുകൾ ഇത് വഴി മാറ്റാനാകും.
A biocement made by #NTUsg scientists using carbon-neutral and room-temperature processes from waste material may be a green alternative to the conventional cement that requires high-temperature high-carbon dioxide processes. #NTUsg2025 #NTUsgInnovation https://t.co/VRkDgpYPnF pic.twitter.com/1G78j4PJh2
— NTU Singapore (@NTUsg) May 13, 2022
പരമ്പരാഗത സിമന്റിന് ഒരു ബദലാണ് സുസ്ഥിരവും പുനരുൽപ്പാദിപ്പിക്കാവുന്നതുമായ ബയോസിമന്റ് എന്നാണ് പഠനത്തിന് നേതൃത്വം നൽകിയ സർവകലാശാല സ്കൂൾ ഒഫ് സിവിൽ ആൻഡ് എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് മേധാവി പ്രൊഫസർ ചു ജിയാൻ പറഞ്ഞത്.
സാധാരണ സിമന്റിന്റെ ഉത്പാദനവുമായി താരതമ്യപ്പെടുത്തുമ്പോൾ ബയോസിമന്റിന്റെ ഉത്പാദനത്തിന് വളരെ കുറച്ച് ഊർജം മാത്രമേ ആവശ്യമായി വരികയുള്ളു. മാത്രമല്ല കാർബൺ ബഹിർഗമനവും വളരെ കുറച്ചുമാത്രമേ ഉണ്ടാവുകയുള്ളു. അതിനാൽ തന്നെ ബയോസിമന്റ് പരിസ്ഥിതി സൗഹൃദവുമായിരിക്കും.