
മൂവായിരത്തി എഴുന്നൂറ് രൂപയ്ക്ക് ആഹാരം കഴിച്ച ദമ്പതികൾ തങ്ങൾക്ക് ഭക്ഷണം വിളമ്പിയ പരിചാരികയ്ക്ക് നൽകിയ ടിപ്പ് കേട്ട് അദ്ഭുതപ്പെടുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. 63,000 രൂപയാണ് ദമ്പതികൾ ഭക്ഷണം കഴിച്ച മേശയിൽ വെയിറ്റർക്കായി വച്ചത്. അമേരിക്കയിലെ ദി ബിഗ് ചീസ് & പബ്ബിലാണ് ഈ സംഭവമുണ്ടായത്. ഇവിടെ ഭക്ഷണം വിളമ്പുന്ന ജെന്നിഫർ വെർനാൻസിയോക്കാണ് ഉദാരമതികളായ ദമ്പതികൾക്ക് ഭക്ഷണം വിളമ്പാനുള്ള ഭാഗ്യമുണ്ടായത്. മൂന്നരവർഷത്തോളമായി ഇവിടെ പരിചാരികയായി ജോലി നോക്കുകയാണ് ജെന്നിഫർ. ആദ്യമായാണ് ഇത്രയും വലിയ തുക ഇവർക്ക് ടിപ്പായി ലഭിക്കുന്നത്.
മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയായ ജെന്നിഫർ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ദമ്പതികൾ റെസ്റ്റോറന്റിലേക്ക് വന്നത്. സാൻഡ്വിച്ചുകൾ ഓർഡർ ചെയ്ത ഇവർ ബില്ല് നൽകിയപ്പോൾ തുക നൽകി ജെന്നിഫറിന് നല്ലൊരു ദിവസം ആശംസിച്ചു തിരികെ പോയി. എന്നാൽ മേശപ്പുറത്ത് അവർ ജെന്നിഫറിനായി കരുതിയ സമ്മാനം പിന്നീടാണ് ശ്രദ്ധയിൽ പെട്ടത്. വെറും 48 ഡോളറിന്റെ ബില്ലിനാണ് ഇവർ 810 ഡോളർ ടിപ്പായി നൽകിയത്. തനിക്ക് കിട്ടിയ ടിപ്പിനെ കുറിച്ച് ഹോട്ടൽ മാനേജറിനോട് ജെന്നിഫർ വെളിപ്പെടുത്തുകയും, ലഭിച്ച ഭാഗ്യത്തെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുത്തുകയും ചെയ്തു.