
തദ്ദേശീയ പ്രതിരോധ ഉപകരണങ്ങളുടെ വികസനം ലക്ഷ്യമിട്ട് കോടിക്കണക്കിന് രൂപയുടെ ആയുധ ഇറക്കുമതിക്കുള്ള നീക്കം ഉപേക്ഷിച്ച കേന്ദ്രസർക്കാർ നടപടി ഏറെ ചർച്ചയായിരുന്നു. രണ്ടാം മോദി സർക്കാരിന്റെ ആത്മനിർഭർ പദ്ധതിയുടെ ഭാഗമാകുവാൻ കൂടി ഉദ്ദേശിച്ചാണ് ഈ നീക്കം. ഇത്തരത്തിൽ ഇന്ത്യ വികസിപ്പിക്കുന്ന ആയുധങ്ങൾ മറ്റുരാഷ്ട്രങ്ങളിലേക്ക് കയറ്റുമതി ചെയ്യുവാൻ കൂടി ഉദ്ദേശിച്ചിട്ടുള്ള ബഹുമുഖ പദ്ധതിക്കാണ് കേന്ദ്രം തുടക്കമിടുന്നത്. ഇത്തരത്തിൽ അതിർത്തിയിൽ ശത്രുക്കളുടെ നീക്കം എളുപ്പം മനസിലാക്കാൻ സൈന്യത്തിന് സഹായമായ ലൊക്കേഷൻ റഡാറുകൾ വാങ്ങുവാൻ സൈന്യം നീക്കം ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച സ്വാതി എന്നറിയപ്പെടുന്ന ലൊക്കേഷൻ റഡാർ പന്ത്രണ്ടെണ്ണം വാങ്ങുവാനാണ് സൈന്യം തീരുമാനിച്ചത്. ആയിരം കോടി രൂപയുടെ ഇടപാടാണ് ഇത്. ഇന്ത്യ ചൈന അതിർത്തിയിലേക്കാണ് 12 മെയ്ഡ് ഇൻ ഇന്ത്യ 'സ്വാതി' റഡാറുകൾ വാങ്ങാൻ തീരുമാനിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച നിർദ്ദേശം സേന പ്രതിരോധ മന്ത്രാലയത്തിന് സമർപ്പിച്ചു.
അറിയാം സ്വാതിയെ
പേരു കേട്ടാൽ അച്ചടക്കമുള്ള പഞ്ചപാവമായ പെൺകുട്ടിയെന്ന് തോന്നുമെങ്കിലും ശത്രുക്കൾക്ക് അത്തരം ഒരു അനുഭവമായിരിക്കില്ല സ്വാതി നൽകുന്നത്. സുഹൃത്തുക്കളെയും ശത്രുക്കളെയും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്ന ശക്തമായ ആയുധമാണിത്. ബംഗളൂരുവിലെ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എൽആർഡിഇ) വികസിപ്പിച്ച ഈ ലൊക്കേഷഷൻ റഡാർ 2017ലാണ് സൈന്യത്തിന് ആദ്യമായി കൈമാറിയത്. അതിർത്തിയിൽ ഉൾപ്പടെ മഹനീയമായ സേവനമാണ് സ്വാതിയുടേത്. 50 കിലോമീറ്റർ പരിധിക്കുള്ളിൽ നിന്നും ശത്രുവിന്റെ പീരങ്കികൾ, മോർട്ടറുകൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ സ്വയം കണ്ടെത്തുകയും അവിടേയ്ക്ക് ആക്രമണം നടത്തുന്നതിനായുളള വിവരങ്ങൾ കൈമാറുന്നതിനും സ്വാതിക്കാവും. ശത്രുവിന്റെ ഫയർ പോയിന്റിനെ കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നത് സൈന്യത്തിന്റെ തിരിച്ചടി എളുപ്പമാക്കുന്നു. ഒരേ സമയം ഒന്നിലധികം പോയിന്റുകളിൽ നിന്നും വിവരശേഖരണം നടത്താനും സ്വാതിക്കാവുന്നു. ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ നിലവിൽ ഇന്ത്യൻ സൈന്യം സ്വാതി റഡാറുകൾ ഉപയോഗിക്കുന്നുണ്ട്. 2018ലാണ് ഈ സംവിധാനം കരസേനയിൽ പരീക്ഷണത്തിനായി നൽകിയത്.
സൈന്യം ആവശ്യപ്പെട്ടു ഡി ആർ ഡി ഒ നിർമ്മിച്ചു
സ്വാതിയുടെ പിറവിയ്ക്കും ഏറെ പ്രത്യേകതകളുണ്ട്. ജമ്മു കാശ്മീരിലടക്കം അതിർത്തിയിൽ പാക് സൈനികരുടെ നിരന്തര പ്രകോപനം സൈന്യത്തിന് തലവേദനയാകാറുണ്ട്. പലപ്പോഴും മോട്ടോർ ഷെല്ലുകളുപയോഗിച്ചാണ് ശത്രു പ്രകോപനം സൃഷ്ടിക്കുക. കൃത്യമായി ശത്രുവിന്റെ ലൊക്കേഷൻ മനസിലാക്കി പ്രതിരോധിക്കുവാൻ മൊബൈൽ റഡാറുകൾ ആവശ്യമാണെന്ന് 1980കളിൽ തന്നെ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇത്തരം റഡാറുകൾ കൈവശമുണ്ടായിരുന്ന അമേരിക്കയുൾപ്പടെയുള്ള വൻശക്തികളുമായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ചർച്ചകൾ ഫലം കാണുന്ന ഘട്ടമെത്തിയപ്പോൾ ഇന്ത്യയുടെ രണ്ടാം അണുശക്തി പരീക്ഷണം നടക്കുകയും അമേരിക്കയുൾപ്പടെയുളള രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തുകയും ചെയ്യുകയുണ്ടായി. കാർഗിൽ യുദ്ധസമയത്താണ് സ്വാതിയെ പോലെ ഒരു റഡാർ അത്യാവശ്യമാണെന്ന തിരിച്ചറിവ് ശക്തമായത്. ഇതേ തുടർന്നാണ്  തദ്ദേശീയമായി വികസിപ്പിക്കുവാനുള്ള തീരുമാനം രാജ്യം കൈക്കൊണ്ടത്. ഡി ആർ ഡി ഒ ബെല്ലിന്റെ ഭാഗമായ ഇലക്ട്രോണിക്സ് ആൻഡ് റഡാർ ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് (എൽആർഡിഇ)യുമായി ചേർന്ന് സംയുക്തമായാണ് ഗവേഷണങ്ങൾ നടത്തിയത്.
സ്വാതിയെ സ്വന്തമാക്കാൻ അർമേനിയയും
ഇന്ത്യൻ മണ്ണിന് കാവലായി നിലകൊള്ളുന്ന സ്വാതിയെ സ്വന്തമാക്കാൻ പല രാഷട്രങ്ങളും താത്പര്യപ്പെടുന്നുണ്ട്. 2020 മാർച്ചിൽ അർമേനിയയും നാല് സ്വാതി റഡാറുകൾ വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറിലേർപ്പെട്ടു കഴിഞ്ഞു. 40 ദശലക്ഷം ഡോളർ വിലമതിക്കുന്നതാണ് ഈ ഇടപാട്.