thomas-cup

ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടി ഇന്ത്യ

 ടീമിൽ മലയാളികളായ എച്ച്.എസ് പ്രണോയ്‌യും എം.ആർ അർജുനും

ബാങ്കോക്ക്: 73 വർഷത്തെ പാരമ്പര്യമുള്ള തോമസ് കപ്പ് ടീം ബാഡ്മിന്റൺ ടൂർണമെന്റിൽ സുവർണ ചരിത്രം കുറിച്ച് ഇന്ത്യ. ചാമ്പ്യന്മാരായ ഇന്തോനേഷ്യയെ 3-0ത്തിന് കീഴടക്കിയാണ് ബാങ്കോക്കിൽ വിസ്‌മയം സൃഷ്ടിച്ചത്. ക്വാർട്ടറിൽ മലേഷ്യയെയും സെമിയിൽ ഡെന്മാർക്കിനെയും അട്ടിമറിച്ച് ആദ്യമായി ഫൈനലിൽ എത്തിയ ഇന്ത്യയ്ക്ക് മുന്നിൽ 14 കിരീടങ്ങൾ നേടിയിട്ടുള്ള ഇന്തോനേഷ്യയ്ക്ക് ഒരു മത്സരത്തിലും ജയിക്കാനായില്ല.

മലയാളികളായ എച്ച്.എസ് പ്രണോയ്‌യും എം.ആർ അർജുനും അടങ്ങുന്ന പത്തംഗ ടീമാണ് ചരിത്രമെഴുതിയത്. ഫൈനലിൽ ആദ്യ രണ്ട് സിംഗിൾസുകളിലും ആദ്യ ഡബിൾസിലും ഇന്ത്യ ജയിച്ചതോടെ പ്രണോയ്‌ക്കും അർജുനും കോർട്ടിൽ ഇറങ്ങേണ്ടിവന്നില്ല. ടൂർണമെന്റിന്റെ തുടക്കം മുതലുള്ള പ്രണോയ്‌യുടെ അവിശ്വസനീയ പ്രകടനങ്ങളാണ് ഇന്ത്യയെ ഫൈനലിൽ എത്തിച്ചത്. പ്രണോയ് തിരുവനന്തപുരം സ്വദേശിയാണ്. അർജുൻ എറണാകുളം സ്വദേശിയും. പരിശീലക സംഘത്തിൽ മലയാളിയായ യു.വിമൽ കുമാറുമുണ്ട്.

ടീമിന് ഒരു കോടി

ടീമിന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂർ ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു.

മലയാളികൾക്ക് രണ്ട് ലക്ഷം വീതം

മലയാളി താരങ്ങളായ പ്രണോ‌യ്‌ക്കും അർജുനും കേരള സ്റ്റേറ്റ് ബാഡ്മിന്റൺ അസോസിയേഷൻ രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് പ്രസിഡന്റ് അനിൽ അമ്പലക്കര,സെക്രട്ടറി രാകേഷ് ശേഖർ എന്നിവർ അറിയിച്ചു. കോച്ച് വിമൽകുമാറിന് ഒരു ലക്ഷം രൂപയും സമ്മാനിക്കും.

ടീമിന് അഭിനന്ദനങ്ങൾ. ഈ വിജയം ഭാവിയിലെ നിരവധി കായിക താരങ്ങൾക്ക് പ്രചോദനമാകും.

- പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ