
തിരുവനന്തപുരം : കാലദേശാതീതമായ മാനവികതയുടെ ദർശനമാണ് ഉത്തമ സാഹിത്യ കൃതികളുടെ ആത്മാവെന്ന് സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ പറഞ്ഞു. ഷാനവാസ് പോങ്ങനാടിന്റെ 'നിലംതൊട്ട നക്ഷത്രങ്ങൾ' എന്ന നോവലിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണിയെടുക്കുന്നവരെ അടിമകളാക്കിയ വ്യവസ്ഥിതിക്കെതിരെയുളള സ്വാതന്ത്ര്യപ്രഖ്യാപനമായിരുന്നു എഴുപതുകളിലെ നക്സലൈറ്റ് പ്രസ്ഥാനം. ആ മാനവികതയാണ് നിലംതൊട്ട നക്ഷത്രങ്ങളിൽ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. സർവ്വവിജ്ഞാനകോശം ഡയറക്ടർ ഡോ.മ്യൂസ് മേരി ജോർജ്ജ് ആദ്യപ്രതി ഏറ്റുവാങ്ങി. കേന്ദ്രസാഹിത്യ അക്കാഡമി ഉപദേശകസമിതി അംഗം ഡോ.കായംകുളം യൂനുസ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് പനങ്ങാട് പുസ്തകം പരിചയപ്പെടുത്തി. കാരയ്ക്കാമണ്ഡപം വിജയകുമാർ, സലിൻ മാങ്കുഴി, വിനു എബ്രഹാം, വി.വി.കുമാർ, എസ്.കെ.സുരേഷ്, ഷാനവാസ് പോങ്ങനാട് എന്നിവർ സംസാരിച്ചു.