
ന്യൂയോർക്ക് : ന്യൂയോർക്കിലെ ബഫലോയിലെ സൂപ്പർ മാർക്കറ്റിലുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പ്രതി പേടെൻ ജെൻഡ്രനെ ( 18 ) പൊലീസ് അറസ്റ്റ് ചെയ്തു.
പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് പട്ടാള വേഷത്തിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചെത്തിയ ജെൻഡ്രൻ, ടോപ്സ് ഫ്രണ്ട്‌ലി മാർക്കറ്റ് എന്ന സൂപ്പർമാർക്കറ്റിൽ അക്രമം നടത്തിയത്. ഹെൽമറ്റിൽ ഘടിപ്പിച്ച കാമറയിലൂടെ ഇയാൾ വെടിവയ്പ് ദൃശ്യങ്ങൾ തത്സമയം പുറത്തുവിട്ടു. കറുത്ത വർഗക്കാർ കൂടുതൽ താമസിച്ചിരുന്ന മേഖലയായതിനാൽ വർണ വെറിയാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കറുത്ത വർഗക്കാരാണ്. പുറത്തുള്ള നാലുപേരെ വെടിവച്ച ശേഷമാണ് അക്രമി സൂപ്പർമാർക്കറ്റിനുള്ളിൽ പ്രവേശിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥനായ മുൻ ബഫലോ പൊലീസ് സേനാംഗത്തെയും ഇയാൾ വധിച്ചു.
വൈകാതെ, പൊലീസ് എത്തിയെങ്കിലും തോക്ക് സ്വന്തം കഴുത്തിൽ വച്ച് ഇയാൾ ആത്മഹത്യാ ഭീഷണി മുഴക്കി. എന്നാൽ, പൊലീസുകാർ ഇയാളെ അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ആഭ്യന്തര തീവ്രവാദം ഇല്ലാതാക്കാൻ എല്ലാ പരിശ്രമവും നടത്തുമെന്ന് പറഞ്ഞു.