thomas-cup

ന്യൂഡൽഹി: രണ്ട് വർഷം മുമ്പ് ചൈനയിൽ ചെന്ന് ഇന്ത്യ തോമസ് കപ്പ് ബാഡ്മിന്റൺ ഒരിക്കൽ വിജയിക്കുമെന്ന് പറഞ്ഞിരുന്നെങ്കിൽ അവർ നമ്മുടെ മുഖത്ത് നോക്കി പൊട്ടിച്ചിരിക്കുമായിരുന്നെന്ന് ഇന്ത്യയുടെ മുഖ്യ ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപിചന്ദ്. ഇന്ത്യ ബാഡ്മിന്റണിൽ കൈവരിച്ച വളർച്ചയെകുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗോപിചന്ദ് ഇങ്ങനെ പറ‌ഞ്ഞത്. ഇന്ത്യയുടെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് തോമസ് കപ്പിൽ നേടിയ കിരീട നേട്ടമെന്നും ഇന്ത്യയെ കൊണ്ട് ഇത്തരമൊരു നേട്ടം എന്നെങ്കിലും കൈവരിക്കാൻ സാധിക്കുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്നും ഗോപിചന്ദ് പറ‌ഞ്ഞു.

ഇന്ത്യയുടെ വനിതകൾ വളരെനാളുകളായി അന്താരാഷ്ട്ര വേദികളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടായിരുന്നെങ്കിലും പുരുഷ ടീം ഇത്തരമൊരു വിജയം കൈവരിക്കുന്നത് പരിശീലകൻ എന്ന നിലയിൽ തനിക്ക വളരെയേറെ സന്തോഷം നൽകുന്ന കാര്യമാണെന്നും ഗോപിചന്ദ് പറഞ്ഞു. ഇന്ത്യൻ പുരുഷ ടീമിന്റെ കളിമികവും വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഗോപിചന്ദ് കൂട്ടിചേർത്തു.

A special interaction with our badminton 🏸 champions, who have won the Thomas Cup and made 135 crore Indians proud. pic.twitter.com/KdRYVscDAK

— Narendra Modi (@narendramodi) May 15, 2022

തോമസ് കപ്പിന്റെ 73 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയെ കൂടാതെ വെറും അഞ്ച് രാഷ്ട്രങ്ങൾ മാത്രമാണ് കിരീടം നേടിയിട്ടുള്ളത്. അതിൽ തന്നെ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമാക്കിയിട്ടുള്ളത് ഇന്തോനേഷ്യയാണ്. ഇന്തോനേഷ്യയുടെ ഒരു കുത്തക തന്നെയായിരുന്നു തോമസ് കപ്പ്. ഈ ടൂർണമെന്റ് ജയിക്കുന്ന ഒരേയൊരു യൂറോപ്യൻ രാഷ്ട്രം ഡെന്മാർക്കുമാണ്. സെമിഫൈനലിൽ ഡെന്മാർക്കിനെയും ഫൈനലിൽ ഇന്തോനേഷ്യയെയുമാണ് ഇന്ത്യ മുട്ടുകുത്തിച്ചത് എന്നത് തന്നെ ഇന്ത്യൻ താരങ്ങൾ എത്രമാത്രം പുരോഗതി കൈവരിച്ചു എന്നതിന്റെ തെളിവാണ്.