assam-floods

ഗുവാഹട്ടി: ആസാമിൽ നിർത്താതെ പെയ്യുന്ന മഴയിൽ ഏഴോളം ജില്ലകൾ മുങ്ങി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഒരു കുട്ടിയുൾപ്പടെ മൂന്ന് പേർ മരണപ്പെട്ടു. കച്ചാർ, ധേമാജി, ഹോജായ്, കർബി ആംഗ്ലോങ് വെസ്റ്റ്, കാംരൂപ് (എം), നാഗോൺ, നൽബാരി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്. ഇതിൽ കച്ചാർ ജില്ലയിലാണ് മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

#WATCH Flood situation in Assam’s Cachar district remains grim with thousands of people affected

According to ASDMA, 3 people incl a child from the Cachar district are missing since yesterday. SDRF, Fire & Emergency services and district admin engaged in rescue operations pic.twitter.com/x5VI12OIPZ

— ANI (@ANI) May 16, 2022

സംസ്ഥാനത്തൊട്ടാകെ ഏകദേശം 57,000 ജനങ്ങളാണ് കനത്ത മഴ മൂലം ദുരിതം അനുഭവിക്കുന്നത്. ആകെ 222 ഓളം ഗ്രാമങ്ങളാണ് മഴയിൽ മുങ്ങിയിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏകദേശം 4330 പേരാണ് ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്.

assam-floods

ആസാം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ (എ എസ് ഡി എം എ) കണക്ക് പ്രകാരം ഏകദേശം 10,321.44 ഹെക്ടറിലെ കൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. 1434 വളർത്തുമൃഗങ്ങളെയും 202 വീടുകളെയും മഴ ബാധിച്ചതായി റിപ്പോർട്ടുണ്ട്.

assam-floods

ന്യൂ കുഞ്ചുങ്, ഫിയാങ്‌പുയി, മൗൽഹോയ്, നംസുറാങ്, സൗത്ത് ബാഗേതാർ, മഹാദേവ് ടില്ല, കലിബാരി, നോർത്ത് ബാഗേതാർ, സിയോൺ, ലോഡി പാംഗ്‌മൗൾ എന്നീ ഗ്രാമങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായാണ് വിവരം. രക്ഷാപ്രവർത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കൊപ്പം സൈന്യവും, പാരാമിലിട്ടറി ഫോഴ്സും രംഗത്തുണ്ട്.

ഇതിനിടെ ട്രെയിൻ യാത്രയ്ക്കിടെ വിവിധ മേഖലകളിൽ കുടുങ്ങിയ യാത്രക്കാരെ വ്യോമസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ റെയിൽവേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഡിറ്റോക്‌ചെറ സ്റ്റേഷനിൽ കുടുങ്ങിയ 1,245 പേരെ ബദർപൂരിലേക്ക് മാറ്റി. ഇത് കൂടാതെ ഇവിടെ നിന്ന് 119 പേരെ വ്യോമസേന എയർലിഫ്റ്റിംഗിലൂടെ സിൽച്ചാറിലെത്തിച്ചതായും വ്യോമസേന അറിയിച്ചു.

#IAF helicopters evacuated 119 passengers from Ditokchera railway station in Assam, today. Located in the Dima Hasao district, the railway station had a train stranded for over 24 hrs due to incessant rains making rail movement infeasible. #IndianAirForce #SavingLives pic.twitter.com/NlgdNhFMEj

— Indian Air Force (@IAF_MCC) May 15, 2022

സംസ്ഥാനത്തിലൂടെയുള്ള റെയിൽവേ ട്രാക്കിന്റെ വിവധ ഭാഗങ്ങളിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് ജതിംഗ-ഹരംഗജാവോ, മഹൂർ-ഫൈഡിംഗ് എന്നീ റൂട്ടുകളിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. 76 കിലോമീറ്ററിലുള്ള ട്രാക്കിൽ 26 ഇടങ്ങളിൽ കേടുപാടുകളും ചില പാലങ്ങൾ തകരുകയും ചെയ്തതിനാൽ 17 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.

assam-floods

അതേസമയം അടുത്ത നാല് ദിവസങ്ങളിൽ കൂടി ആസാം, അരുണാചൽ പ്രദേശ്, മേഘാലയ, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.