k-rail

തിരുവനന്തപുരം: കെ റെയിൽ കല്ലിടൽ ഇനിയില്ല. സാമൂഹിക ആഘാത പഠനത്തിന് കല്ലിടലിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായതോട‌െയാണ് പുതിയ തീരുമാനവുമായി അധികൃതർ രംഗത്തെത്തിയത്.കേരള റെയിൽവേ ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ ആവശ്യപ്രകാരം റവന്യൂ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കുറച്ചുദിവസങ്ങളിലായി കല്ലിടലും സർവേയും നിറുത്തിവച്ചിരിക്കുയായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പായതിനാലാണ് ഇതെന്നാണ് പ്രതിപക്ഷം പരിഹസിച്ചിരുന്നത്. നേരത്തേ സി പി എം പാർട്ടി കോൺഗ്രസ് നടക്കുന്ന സമയത്തും കല്ലിടൽ നിറുത്തിവച്ചിരുന്നു.

അതിർത്തിക്കല്ലിടലിന്‌ ചെലവാക്കിയത് എൺപത്തിരണ്ട് ലക്ഷത്തോളം രൂപയാണെന്നുള്ള വിവരാവകാശ രേഖ നേരത്തേ പുറത്തുവന്നിരുന്നു. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ പ്രദേശത്തും കല്ല് എത്തിച്ച് സ്ഥാപിക്കാനായി കഴിഞ്ഞ ഫെബ്രുവരി വരെ 81.60 ലക്ഷം രൂപയാണ് കെ റെയിൽ ചെലവാക്കിയത്. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിക്ക് കെ റെയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. വിവിധ സർവേകൾക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി. അലൈൻമെന്റ് തയാറാക്കാനുള്ള ലിഡാർ ആകാശ സർവേയ്ക്ക് 2.08 കോടി രൂപ, ട്രാഫിക്, ട്രാൻസ്‌പോർട്ടേഷനായി 23.75 ലക്ഷം രൂപ, ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേയ്ക്കായി 8.27 ലക്ഷം രൂപയും ചെലവായി.
ഡി പി ആർ തയാറാക്കാൻ മാത്രം 22 കോടി രൂപ ചെലവു വന്നു. എന്നാൽ ഈ ഡി പി ആർ പൂർണമല്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. കെ റെയിലിന്റെ പ്രതിച്ഛായ കൂട്ടാനായി 59.47 ലക്ഷം രൂപ ചെലവാക്കി. സിൽവർ ലൈനിനെതിരെ ഹൈക്കോടതിയിൽ എത്തിയ 12 കേസുകൾ വാദിക്കാനായി അഭിഭാഷകർക്ക് 6.11 ലക്ഷം രൂപയാണ് നൽകിയത്.