
കൊച്ചി: സർവേ രീതി മാത്രമാണ് മാറിയതെന്നും സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സംഘർഷമുണ്ടാക്കാൻ സർക്കാർ യാതൊരു രീതിയിലും ശ്രമിക്കുന്നില്ലെന്നും സർവേ രീതി മാറിയാൽ പ്രതിപക്ഷം സഹകരിക്കുമോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല പുതിയ തീരുമാനമെന്നും ഇ പി ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കെ റെയിൽ പ്രതിഷേധത്തെ മറികടക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിർണായക തീരുമാനമാണിത്. സാമൂഹികാഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. കല്ലിടലുമായി ബന്ധപ്പെട്ട വൻ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെയാണ് പുതിയ തീരുമാനം. കെ റെയിൽ പ്രതിഷേധക്കാരുടെ ആദ്യ വിജയമെന്ന് പ്രതിപക്ഷം പ്രതികരിച്ചപ്പോൾ, സർവേ രീതി മാത്രമാണ് മാറുന്നതെന്നും സർവേ തുടരുമെന്നും സർക്കാർ വ്യക്തമാക്കി.