p

കോഴിക്കോട്: ച​ല​ച്ചി​ത്ര​ ​ന​ടി​യും​ ​മോ​ഡ​ലു​മാ​യ​ ​​ ​ഷ​ഹ​നയുടെ മ​രണം ആത്മഹത്യയെന്ന് പൊലീസ്. ഷഹന താമസിച്ചിരുന്ന ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയ കയറിൽ ജനലഴിയിൽ തന്നെ തൂങ്ങിമരിക്കാൻ സാധിക്കുമെന്നാണ് പൊലീസ് സയിന്റിഫിക് സംഘത്തിന്റെ വിലയിരുത്തൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തൂങ്ങിമരണം സ്ഥിരീകരിച്ചു.

മരണത്തിൽ സജ്ജാദിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്ന ഷഹനയുടെ ഉമ്മയുടെയും സഹോദരന്റെയും ആരോപണം പൊലീസ് തള്ളി. വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രമേ ഇവർ സജ്ജാദിന്റെ കുടുംബവീട്ടിൽ താമസിച്ചിരുന്നുള്ളൂ. വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഇരുവരും തമ്മിൽ വഴക്ക് കൂടുമായിരുന്നു. സജ്ജാദിന്റെ ഉമ്മ തന്നെയാണ് ഇവരോട് വേറെ വീട്ടിൽ താമസിക്കാൻ നിർദ്ദേശിച്ചത്. ഭർത്താവ് സജ്ജാദ് ഷഹനയ്ക്ക് കിട്ടുന്ന പണം കൈക്കലാക്കാൻ നിരന്തരം മർദ്ദിക്കുമായിരുന്നു. ആത്മഹത്യ ചെയ്യുന്ന ദിവസവും ഷഹനയെ മർദ്ദിച്ചതിന്റെ പാടുകളുണ്ടായിരുന്നു.

റിമാൻഡിലായ സജ്ജാദ് ഇപ്പോൾ കോഴിക്കോട് ജയിലിലാണ്. അന്വേഷണസംഘത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും സജ്ജാദ് കൃത്യമായ ഉത്തരം നൽകിയിരുന്നു. പറഞ്ഞ കാര്യങ്ങൾ മുഴുവനും ശരിയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള സാദ്ധ്യതയുമില്ല. ഇനി കാ​സ​ർ​കോ​ട് ​ചെ​റു​വ​ത്തൂ​രിലുളള ഷഹനയുടെ വീട്ടിൽ നിന്നുകൂടി വിവരങ്ങൾ ശേഖരിക്കണം. രാസപരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന മെഡിക്കൽ കോളേജ് അസി. കമ്മിഷണർ കെ. സുദർശൻ പറഞ്ഞു.