murder

കണ്ണൂ‌ർ: മദ്യപാനത്തെ തുടർന്നുള‌ള തർക്കത്തിനൊടുവിൽ അനുജനെ ജ്യേഷ്‌ഠൻ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കണ്ണൂർ കേളകം സ്വദേശിയായ അഭിനേഷിനെ(39) ജ്യേഷ്‌ഠനായ അഖിലേഷ് കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് 4.30ന് കേളകം കമ്പിപ്പാലത്തിന് സമീപത്തിലെ പുഴക്കരയിലിരുന്ന് മദ്യപിക്കുകയായിരുന്നു വെണ്ടേക്കുംചാൽ പള‌ളിപ്പാടം സ്വദേശികളായ അഖിലേഷും അഭിനേഷും. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമാകുകയും അഖിലേഷ് ഉടുമുണ്ടഴിച്ച് അഭിനേഷിന്റെ കഴുത്തിൽ കെട്ടി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

താൻ അനുജനെ കൊലപ്പെടുത്തിയ വിവരം അഖിലേഷ് കേളകം പൊലീസിനെ വിളിച്ചറിയിച്ചു. ഇതനുസരിച്ച് കേളകം പൊലീസ് നടത്തിയ തിരച്ചിലിൽ പുഴക്കരയിൽ നിന്ന് അഭിനേഷിന്റെ മൃതദേഹം കണ്ടെത്തി. അഖിലേഷിനെ പിടികൂടിയ പൊലീസ് കസ്‌റ്റ‌ഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവർ തമ്മിൽ മുൻപ് പ്രശ്‌നങ്ങളുണ്ടായിരുന്നോ എന്നവിവരമറിയാനാണ് പൊലീസ് ചോദ്യംചെയ്യൽ. അഭിനേഷിന്റെ മൃതദേഹം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്‌റ്റ്‌മോർട്ടം വൈകാതെ നടത്തും.