
തിരുവനന്തപുരം: കോഴിക്കോട് കുളിമാട് പാലത്തിന്റെ ബീമുകൾ തകർന്നുവീണ സംഭവത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് ഡയറക്ടറോട് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. സംഭവം അന്വേഷിക്കാൻ പൊതുമരാമത്ത് വിജിലൻസിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഗർഡറുകൾ പുനഃസ്ഥാപിച്ച് പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് ചാലിയാർ പുഴയ്ക്ക് കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് നിർമിക്കുന്ന പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. പൊതുമരാമത്തിന്റെ വിജിലൻസ് വിഭാഗമായിരിക്കും സംഭവം അന്വേഷിക്കുക.
ബീം ഉറപ്പിക്കാൻ ഉപയോഗിച്ചിരുന്ന യന്ത്രം പണിക്കിടെ തകരാറിലായതാണ് അപകടത്തിന് കാരണമെന്ന് കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി പറഞ്ഞു. കോൺക്രീറ്റ് ബീം പാലത്തിൽ ഘടിപ്പിക്കുന്നതിനിടെ ഇളകിവീഴുകയായിരുന്നു. ഇളകിവീണ മൂന്ന് കോൺക്രീറ്റ് ബീമുകളിൽ ഒരെണ്ണം പൂർണമായും പുഴയിലേക്ക് പതിച്ചു. മറ്ര് രണ്ടെണ്ണം പാലത്തിൽ തന്നെ തൂങ്ങിനിന്നു. അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്കേറ്റിട്ടുണ്ട്.
2019ലാണ് ചാലിയാറിനു കുറുകെ 25 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഈ പാലത്തിന്റ പണി തുടങ്ങിയത്. ആ വർഷത്തെ പ്രളയത്തിൽ നിർമാണ സാമഗ്രികൾ ഒലിച്ചുപോയതിനെ തുടർന്ന് ഏറെനാളുകൾ പണി തടസപ്പെട്ടിരുന്നു.