
ന്യൂഡൽഹി: യുദ്ധത്തെ തുടർന്ന് യുക്രെയിനിൽ നിന്ന് മടങ്ങിയെത്തിയവർക്ക് മെഡിക്കൽ കോളേജുകളിൽ പഠനം അനുവദിച്ച ബംഗാളിന്റെ നീക്കം കേന്ദ്രം തടഞ്ഞു. മെഡിക്കൽ കൗൺസിൽ ചട്ടം ഇതനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം.
നിലവിലെ സാഹചര്യത്തിൽ ദേശീയ മെഡിക്കൽ കമ്മിഷന്റെ ചട്ടപ്രകാരം വിദേശ സർവകലാശാലകളിൽ പഠനം പൂർത്തിയാക്കി ഒരു വർഷം പ്രാക്ടീസ് അല്ലെങ്കിൽ ഇന്റേൺഷിപ്പ് ചെയ്യണം. അതിനുശേഷം ഇന്ത്യയിലെത്തി ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ പരീക്ഷ എഴുതി, പാസായാലാണ് രാജ്യത്ത് പ്രാക്ടീസ് ചെയ്യാൻ അനുവാദം നൽകുക. കോഴ്സ് പകുതിയിൽവച്ച് മുടങ്ങിയവർക്ക് രാജ്യത്ത് തുടർപഠനം നടത്താനായി ചട്ടം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാരിന്റെ നടപടി.
യുക്രെയിനിൽ നിന്ന് ബംഗാളിലെത്തിയ 412 വിദ്യാർത്ഥികൾക്കാണ് സംസ്ഥാന സർക്കാർ പഠന സൗകര്യമൊരുക്കിയത്. 172 വിദ്യാർത്ഥികൾക്കും രണ്ടാം വർഷവും, മൂന്നാം വർഷവും പഠനം നടത്താനുള്ള അവസരവും, 132 പേർക്ക് പ്രാക്ടിക്കൽ ചെയ്യുന്നതിനുള്ള സൗകര്യവുമൊരുക്കിയിരുന്നു.