
കൊളംബോ: ശ്രീലങ്കയിൽ ഒരു ദിവസത്തേയ്ക്കുള്ള പെട്രോൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് നിയുക്ത പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. അതിനാൽ തന്നെ ആരും ഇനി പെട്രോൾ പമ്പുകളിൽ വരി നിൽക്കേണ്ടെന്ന് രാജ്യത്തെ വൈദ്യുത മന്ത്രിയും പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ പ്രതിസന്ധികളുടെ ആക്കം കൂടുകയാണെന്നാണ് വിലയിരുത്തൽ.
അത്യാവശ്യ ഇറക്കുമതികൾ നടത്തുന്നതിനായി രാജ്യത്തിന് അടിയന്തരമായി 75 ദശലക്ഷം ഡോളർ വിദേശ നാണ്യം ആവശ്യമാണെന്നും ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു.
നിലവിൽ ഒരു ദിവസത്തേക്ക് മാത്രമുള്ള പെട്രോൾ സ്റ്റോക്കാണ് രാജ്യത്തുള്ളത്. അടുത്ത രണ്ട് മാസങ്ങൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലമായിരിക്കും. ഈ സ്ഥിതിയിൽ പവർകട്ട് ദിവസവും 15 മണിക്കൂറാക്കി ഉയർത്തേണ്ടിവരുമെന്നും മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി ചില ത്യാഗങ്ങൾ സഹിച്ചുകൊണ്ട് വെല്ലുവിളികളെ നേരിടാൻ ജനങ്ങൾ സ്വയം തയ്യാറാകണമെന്നും ആഹ്വാനം ചെയ്തു.
രാജ്യത്തെ ഈ പ്രതിസന്ധികളിൽ നിന്ന് കരകയറ്റുക എന്നതാണ് തന്റെ ആദ്യ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കുമെന്നും വിക്രമസിംഗെ പ്രഖ്യാപിച്ചു.
ഹൃദ്രോഗത്തിന് ഉപയോഗിക്കുന്നത് ഉൾപ്പടെയുള്ള 14 തരം അവശ്യ മരുന്നുകൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ തുടങ്ങിയവയും രാജ്യത്ത് കിട്ടാനില്ല. രോഗികളുടെ ഭക്ഷണ വിതരണ സംവിധാനവും അവതാളത്തിലാണ്. മരുന്ന് വിതരണം നടത്തുന്ന കമ്പനികൾക്ക് ലങ്ക നാല് മാസത്തെ കുടിശിക നൽകാനുണ്ട്.
പെട്രോളിനും ക്രൂഡ് ഓയിലിനും പണം നൽകാൻ തുറന്ന വിപണിയിൽ നിന്ന് യു.എസ് ഡോളർ കണ്ടെത്തും. വികസന ബഡ്ജറ്റിന് പകരമായി ആശ്വാസ ബഡ്ജറ്റ് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വൻ നഷ്ടത്തിലായ ശ്രീലങ്കൻ എയർലൈൻസുകൾ സ്വകാര്യവത്കരിക്കുന്നതിനുള്ള ശുപാർശയും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ഡീസൽ സ്റ്റോക്ക് കഴിഞ്ഞ ദിവസമാണ് ലങ്കയിലെത്തിയത്. കൂടാതെ നാളെയും ജൂൺ ഒന്നിനുമായി രണ്ട് ഡീസൽ കപ്പൽ കൂടി ലങ്കയിലെത്തും. ഇത് ഡീസൽ ക്ഷാമത്തിന് ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.