cofee

സൗന്ദര്യ സംരക്ഷണത്തിനായി ക്രീമുകളും മറ്റും വാങ്ങാനായി നമ്മൾ ഒരുപാട് കാശ് ചെലവാക്കാറുണ്ട്. പല സൗന്ദര്യ പ്രശ്നങ്ങളുടെയും പരിഹാരം അടുക്കളയിൽ തന്നെയുണ്ട്. എന്നാൽ നമ്മൾ അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. ചായയും കാപ്പിയും കുടിച്ചാൽ ഉന്മേഷം കൂടുമെന്ന് മിക്കവർക്കും അറിയാം. ഇവ രണ്ടും ചർമത്തിന് നൽകിയാൽ സൗന്ദര്യം കൂടുമെന്ന് എത്രപേർക്ക് അറിയാം.

ആന്റി ഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്ന കോഫി രക്തയോട്ടം വർദ്ധിപ്പിച്ച് മുഖത്തിന് തിളക്കം കൂട്ടാൻ സഹായിക്കുന്നു. കൂടാതെ ചർമകോശങ്ങൾക്ക് പുതുജീവൻ നൽകുകയും ചെയ്യുന്നു. കാപ്പിപ്പൊടി വെളിച്ചെണ്ണയിലോ പനിനീരിലോ യോജിപ്പിച്ച് മുഖത്ത് പുരട്ടി, പത്ത് മിനിട്ട് മസാജ് ചെയ്തശേഷം കഴുകി കളയുക. ഇത് ചർമത്തിലെ മൃതകോശങ്ങളകറ്റാൻ സഹായിക്കും. ചർമം മൃദുവാക്കാനും തിളക്കം കൂട്ടാനും കാപ്പിപ്പൊടിയും തൈരും മഞ്ഞളും ചേർത്ത് പുരട്ടുക.

ആസ്ട്രിജന്റ് പ്രോപ്പർട്ടീസ് അടങ്ങിയിട്ടുള്ള ചായ നല്ലൊരു ടോണറാണ്. ചർമത്തിലെ എണ്ണമയം നീക്കാൻ സഹായിക്കും. കരുവാളിപ്പ് അകറ്റാനും ഏറെ ഫലപ്രദമാണ്. ഗ്രീൻ ടീക്കൊപ്പം തുല്യ അളവിൽ മുൾട്ടാണി മിട്ടിയും വെള്ളവും ചേർത്ത് പതിനഞ്ച് മിനിട്ട് മുഖത്ത് പുരട്ടിയാൽ മുഖക്കുരുവിനെ അകറ്റാം. കട്ടൻചായ ഉപയോഗിച്ച് കഴുകിയാൽ മുടിക്ക് തിളക്കം ലഭിക്കും.