kolavipalam-beach

അവധിക്കാലം ആസ്വദിക്കാനും സുഹൃത്തുക്കളോടും കുടുംബത്തോടുമൊപ്പം ചെലവഴിക്കുന്നതിനും സെലിബ്രിറ്റികൾ ഉൾപ്പടെ മിക്കവാറും പേരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. ഗോവ വരെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് എത്തിച്ചേരാൻ നമ്മുടെ കേരളത്തിലും ഒരു മിനി ഗോവയുണ്ട്. കോഴിക്കോട് പയ്യോളിയിലെ കൊളാവിപ്പാലം ബീച്ചാണ് മിനി ഗോവയെന്ന് അറിയപ്പെടുന്നത്.

kolavipalam-beach

പയ്യോളി ടൗണിൽ നിന്നും അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് ബീച്ചിലെത്താം. പ്രധാന റോഡിൽ നിന്ന് ചെടികളും മരങ്ങളും നിറഞ്ഞ നടപ്പാതകൾ താണ്ടിവേണം ബീച്ചിലെത്താൻ. ഗോവ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന പ്രകൃതി ദൃശ്യങ്ങളുടെ ചെറിയൊരു പതിപ്പ് ഇവിടെ കാണാൻ സാധിക്കും. ഇതുകൊണ്ടാകാം കൊളാവിപ്പാലം ബീച്ചിന് മിനി ഗോവയെന്ന പേര് ലഭിച്ചതും. കുഞ്ഞാലി മരയ്ക്കാർ കോട്ട സ്ഥിതി ചെയ്യുന്ന കോട്ടക്കടപ്പുറം ബീച്ച് കടന്നാണ് മിനി ഗോവയിലെത്തുന്നത്. കോട്ടക്കടപ്പുറം കടലിന്റെ അറ്റത്തായി പ്രശസ്തമായ വെള്ളിയാങ്കല്ലും കാണാം. പോർച്ചുഗീസുകാരും സാമൂതിരികളും തമ്മിലുള്ള നിരവധി യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച പാറക്കൂട്ടമാണ് വെള്ളിയാങ്കല്ല്.

kolavipalam-beach

കണ്ടൽക്കാടുകൾ നിറഞ്ഞ പ്രദേശം കടന്നെത്തുന്നത് തുറസായി കാണപ്പെടുന്ന കൊളാവി പാലം ബീച്ചിലേക്കാണ്. സ്വർണനിറമാർന്ന മണൽത്തരികൾ ഉള്ള കടൽതീരവും നീലാകാശവും. വംശനാശ ഭീഷണിനേരിടുന്ന ഒലിവ് റിഡ്‌ലി കടലാമകൾ കൊളാവി പാലം ബീച്ചിന്റെ പ്രത്യേകതകളിലൊന്നാണ്. ആമകൾ ധാരാളമായി ഇവിടെ മുട്ടയിടാനായി എത്തുന്നു. കേരളത്തിലെ മഞ്ഞ ന‌ദിയെന്ന് അറിയപ്പെടുന്ന കുറ്റ്യാടിപ്പുഴ ഒഴുകിയെത്തി കടലുമായി ചേർന്ന് ഇവിടെ ഒരു അഴിമുഖം തീർക്കുന്നു.കോടപ്പുഴയെന്നാണ് ഇവിടെ ഈ നദിയുടെ പേര്. കടലിന് നേരെ എതിർവശത്തേക്ക് നോക്കിയാൽ വടകര സാൻഡ് ബാങ്ക്‌സ് കാണാം.

കോഴിക്കോടുള്ള മറ്റ് ബീച്ചുകൾ പോലെ സുരക്ഷിതമല്ല ഇവിടം. കരയിലേക്ക് കയറിവരുന്ന തിര ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോൾ ഒന്ന് വട്ടംത്തിരിയും. മുൻപരിചയമില്ലാത്തവർ ഇവിടെയിറങ്ങിയാൽ അടിതെറ്റിവീഴുമെന്ന് ഉറപ്പാണ്.