migraine

ഡോ.അശോക് വി.പി.
(എം. ഡി. മെഡിസിൻ, ഡി.എം. ന്യൂറോളജി

കൺസൾട്ടന്റ്, ഡിപ്പാർട്ട്‌മെന്റ് ഒഫ് ന്യൂറോളജി, കിംസ്‌ഹെൽത്ത്)

അതിതീവ്രവും തികച്ചും അസഹനീയവുമാണ് മൈഗ്രേൻ തലവേദന. തുടർച്ചയായി ചികിത്സിച്ചിട്ടും പൂർണമായി ഭേദമാകുന്നില്ല എന്ന പതിവ് പരാതിയാണ് ഈ അവസ്ഥ അനുഭവിക്കുന്നവരിൽ ഭൂരിഭാഗത്തിനും പറയാനുണ്ടാവുക. എന്താണ് യഥാർത്ഥത്തിൽ മൈഗ്രേൻ? മൈഗ്രേൻ അനുഭവിക്കുന്നവരിൽ ശാശ്വതമായ പരിഹാരം കാണാൻ കഴിയാത്തതിന് കാരണമെന്താകാം? ചികിത്സ ഫലപ്രദമാകാൻ ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ എന്തെല്ലാമാണ്? ഡോ.വി.പി.അശോക് പറയുന്നത് ശ്രദ്ധിക്കാം.


തലയുടെ ഏതെങ്കിലും ഒരു വശത്തുനിന്ന് തുടങ്ങി മറ്റു വശങ്ങളിലേക്ക് വ്യാപിക്കുന്നതാണ് മൈഗ്രേൻ തലവേദനയുടെ പൊതുസ്വഭാവം. ചിലരിൽ ഇതോടൊപ്പം കഴുത്ത് വേദന, ഷോൾഡർ വേദന തുടങ്ങിയവയും അനുഭവപ്പെട്ടേക്കാം. മുടിയിൽ ചെറിയ ചലനമുണ്ടാകുന്നത്, മുഖം കഴുകുന്നത് എന്നിവ പോലും ഈ സമയത്ത് അസഹനീയമായ വേദനയ്ക്ക് കാരണമാകാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ മൈഗ്രേൻ മൂർധന്യാവസ്ഥയിൽ എത്തുമ്പോൾ ചുറ്റുമുള്ളതെല്ലാം രോഗിക്ക് അലോസരമുണ്ടാക്കുകയും വലിയ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ചെയ്യും.


എന്താണ് മൈഗ്രേൻ?
ശരീരത്തിൽ ബാഹ്യമായോ ആന്തരികമായോ ഉണ്ടാകുന്ന സമ്മർദ്ദങ്ങളോട് തലച്ചോറിലെ ചില നാഡികൾ അമിതമായി ഉത്തേജിപ്പിക്കപ്പെടുകയും ഇത് കടുത്ത വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്ന അവസ്ഥയാണ് മൈഗ്രേൻ. ഈ ഘട്ടത്തിൽ വേദനയ്ക്ക് കാരണമാകുന്ന ചില രാസവസ്തുക്കളുടെ ഉത്പാദനം വർദ്ധിക്കുന്നതാണ് തലവേദന അസഹനീയമാകാൻ കാരണം. യാത്രാക്ഷീണം, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ എന്നിവയാണ് ബാഹ്യസമ്മർദ്ദങ്ങളായി പരിഗണിക്കുന്നത്. മാനസികസമ്മർദ്ദം, ശരീരത്തിലെ ഹോർമോൺ വ്യത്യാസങ്ങൾ എന്നിവയാണ് ആന്തരിക സമ്മർദ്ദം.


മൈഗ്രേൻ ആരംഭിക്കുന്നതിന് മുമ്പായി രോഗികളിൽ അനുഭവപ്പെടുന്ന ചില അസ്വസ്ഥതകളാണ് മൈഗ്രേൻ ഓറ. ചിലരിൽ കാഴ്ച കൃത്യമല്ലാതാവുക, മങ്ങിയ കാഴ്ച, പ്രകാശത്തിലേക്ക് നോക്കുന്നതിനുള്ള പ്രയാസം, കാഴ്ചസംബന്ധമായ പ്രശ്നങ്ങൾ എന്നിവ കണ്ടേക്കാം. ശരീരത്തിന്റെ ചില ഭാഗങ്ങളിൽ മരവിപ്പ് പോലുള്ള സെൻസറി പ്രശ്നങ്ങൾ, സംസാരത്തിലെ അപാകതകൾ എന്നിവയും കണ്ടുവരാറുണ്ട്. പതിവായി മൈഗ്രേൻ അനുഭവിക്കുന്നവർക്ക് ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങുമ്പോൾ തന്നെ തലവേദന തുടങ്ങുന്നതിന്റെ ഭാഗമാണെന്ന് തിരിച്ചറിയാൻ കഴിയാറുണ്ട്.


കടുത്ത തലവേദനയോടൊപ്പം ഛർദ്ദി പോലുള്ള പ്രശ്നങ്ങളും ചിലർ അനുഭവിക്കാറുണ്ട്. പലപ്പോഴും ഛർദ്ദിച്ച ശേഷം നന്നായി ഉറങ്ങാൻ കഴിഞ്ഞാൽ ഈ വേദനയ്ക്ക് അൽപ്പം ആശ്വാസം ലഭിക്കുകയും ചെയ്യും. നാലു മുതൽ 72 മണിക്കൂർ വരെയാണ് സാധാരണ മൈഗ്രേൻ തലവേദന നിലനിൽക്കാറുള്ളത്. മാസത്തിൽ 15 ൽ താഴെ തവണ മാത്രം അനുഭവപ്പെടുന്ന മൈഗ്രേൻ എപിസോഡിക് മൈഗ്രേൻ എന്നും 15 ൽ കൂടുതൽ ദിവസങ്ങളിൽ കടുത്ത മൈഗ്രേൻ അനുഭവിക്കുകയും ഓരോന്നും നാലു മണിക്കൂറിൽ കൂടുതൽ തുടരുകയും ചെയ്യുന്നുവെങ്കിൽ അത് ക്രോണിക് മൈഗ്രേൻ എന്നുമാണ് അറിയപ്പെടുന്നത്.


കാരണങ്ങൾ
വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് മൈഗ്രേൻ അനുഭവപ്പെടാറുണ്ട്. യാത്ര, അമിതമായി വെയിലേൽക്കുന്നത്, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്, മാനസിക സമ്മർദ്ദം, ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ, ഉറക്കം നഷ്ടപ്പെടുന്നത് തുടങ്ങിയവയെല്ലാം മൈഗ്രേൻ ഉണ്ടാകുന്നതിന് കാരണമാകും. സ്ത്രീകളിൽ ആർത്തവസമയത്തെ ഹോർമോൺ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ടും മൈഗ്രേൻ അനുഭവപ്പെടാം.


സാധാരണ 30 നും 40 നും ഇടയിൽ പ്രായമുള്ളവരിലാണ് മൈഗ്രേൻ കൂടുതലായി അനുഭവപ്പെടുന്നത്. ഇതിൽതന്നെ സ്ത്രീകളിലാണ് കൂടുതൽ കണ്ടുവരുന്നത് എന്നാണ് പഠനങ്ങൾ പറയുന്നത്. സ്ത്രീശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങളാകാം ഇതിനു കാരണം. മൈഗ്രേൻ അസാധാരണമായ രീതിയിൽ അനുഭവപ്പെടുന്നവരിലും 50 വയസിനു മുകളിലുള്ള ആളുകളിൽ ഇത് ആദ്യമായി അനുഭവപ്പെടുകയാണെങ്കിലും പ്രത്യേക പരിശോധനകൾ നടത്താറുണ്ട്. മസ്തിഷ്‌കവുമായി ബന്ധപ്പെട്ട മറ്റു രോഗാവസ്ഥകളുടെ ഭാഗമാണോ എന്ന് തിരിച്ചറിയുന്നതിനായാണ് ഇത് തലച്ചോറിൽ ട്യൂമറുകൾ ഉണ്ടെങ്കിലും രക്തക്കുഴലുകളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കുന്നവരിലും കടുത്ത തലവേദനകൾ കണ്ടുവരാറുണ്ട്.


ചികിത്സ ഫലപ്രദമാകണമെങ്കിൽ
പൊതുവേ രണ്ട് രീതിയിലാണ് ചികിത്സ നൽകുന്നത്. മൈഗ്രേൻ അനുഭവപ്പെട്ടതിനു ശേഷം അതിൽനിന്ന് ആശ്വാസം ലഭിക്കുന്നതിനായി വേദനസംഹാരികൾ ഉൾപ്പെടെയുള്ള മരുന്നുകൾ ഉപയോഗിക്കാം. മൈഗ്രേൻ തടയുന്നതിനായി നിശ്ചിത ഇടവേളകളിൽ കൃത്യമായി കഴിക്കുന്നതിനായും മരുന്നുകൾ നിർദ്ദേശിക്കാറുണ്ട്. തുടർച്ചയായി മൈഗ്രേൻ തലവേദന അനുഭവിക്കുന്നവർക്കാണ് ഇത് നിർദേശിക്കാറുള്ളത്. ആറു മാസം മുതൽ 12 മാസം വരെ തുടർച്ചയായി ചികിത്സ തുടരുകയാണെങ്കിൽ മൈഗ്രേൻ തലവേദന തടയാൻ തികച്ചും ഫലപ്രദമാണ്.


എന്നാൽ, ഏതു രീതിയിലുള്ള ചികിത്സയും പൂർണമായ ഫലം നൽകണമെങ്കിൽ ജീവിതശൈലിയിൽ അനുയോജ്യമായ മാറ്റം കൊണ്ടുവരേണ്ടത് അനിവാര്യമാണ്. കൃത്യമായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, പതിവായ വ്യായാമം എന്നിവ കൂടി ശ്രദ്ധിച്ചാൽ വളരെ വേഗത്തിൽ ഫലം ലഭിക്കും. കൂടാതെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്യുന്നതും ഫലപ്രദമാണ്. ഉചിതമായ സമയത്ത് ചികിത്സ തേടിയില്ലെങ്കിലോ കൃത്യമായി പിന്തുടർന്നില്ലെങ്കിലോ ഇത് ക്രോണിക് മൈഗ്രേൻ എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും. പ്രാരംഭഘട്ടവുമായി താരതമ്യം ചെയ്യുമ്പോൾ ചികിത്സിച്ച് ഭേദമാക്കാൻ ഏറെ പ്രയാസമാണ് ഈ അവസ്ഥ. ക്രോണിക് മൈഗ്രേൻ നിയന്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ സ്‌ട്രോക്ക് പോലുള്ള ഗുരുതരാവസ്ഥകളിലേക്ക് നയിക്കുമെന്ന കാര്യവും ഓർമ്മയിൽ വേണം.


ഇവ ശ്രദ്ധിക്കാം
മാനസിക സമ്മർദ്ദം മൈഗ്രേൻ തലവേദനയ്ക്ക് പ്രധാന കാരണമായതിനാൽ എല്ലായ്‌പ്പോഴും മനസിന് സന്തോഷം നൽകുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. ദീർഘയാത്ര ചെയ്യുമ്പോഴും അമിതമായി വെയിലേൽക്കുന്ന സമയങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതും പ്രയോജനം ചെയ്യും. ഇതോടൊപ്പം ജങ്ക് ഫുഡ് ഇനങ്ങൾ പരമാവധി ഒഴിവാക്കാനും ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കേണ്ടതും അത്യാവശ്യമാണ്. നിർജലീകരണം മൈഗ്രേൻ വർദ്ധിപ്പിക്കുന്നതിന് വഴിയൊരുക്കും.