
ടോക്യോ: നിർദ്ദന കുടുംബങ്ങൾക്കുള്ള സർക്കാരിന്റെ കൊവിഡ് ധനസഹായം ഉദ്യോഗസ്ഥർ അബദ്ധത്തിൽ 24കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ഇത് തിരിച്ചുപിടിക്കുന്നതിന് വേണ്ടി യുവാവിനെ ബന്ധപ്പെട്ടപ്പോഴേക്കും യുവാവ് പണം മുഴുവൻ ഓൺലൈൻ ചൂതാട്ടത്തിന് ഉപയോഗിച്ച് പാഴാക്കിയതായി കണ്ടെത്തി. ദക്ഷിണ ജപ്പാനിലെ അബുവിലാണ് സംഭവം.
ജപ്പാനിൽ കൊവിഡ് ബാധിച്ച 463 നിർദ്ദന കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായമാണ് അധികൃതർക്ക് അക്കൗണ്ട് നമ്പർ തെറ്റിപ്പോയതിനാൽ യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചത്. 46.3 ദശലക്ഷം യെൻ (ഏകദേശം 2.78 കോടി രൂപ) ആണ് കൈമാറിയത്. ഓരോ കുടുംബത്തിനും 10,000 യെൻ വീതമായിരുന്നു സർക്കാർ പദ്ധതിപ്രകാരം ലഭിക്കേണ്ടിയിരുന്നത്.
കഴിഞ്ഞ മാസം എട്ടാം തീയതിയാണ് യുവാവിന്റെ അക്കൗണ്ടിലേക്ക് പണം എത്തുന്നത്. തുടക്കത്തിൽ അധികൃതരുമായി സഹകരിക്കാമെന്നും പണം മടക്കി തരാമെന്നുമായിരുന്നു യുവാവ് പറഞ്ഞിരുന്നത്. യുവാവിന്റെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മുഴുവൻ തുകയും യുവാവ് പിൻവലിച്ചതായി കണ്ടെത്തി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ആറ് ലക്ഷം യെൻ വച്ചായിരുന്നു യുവാവ് പിൻവലിച്ചിരുന്നത്.
യുവാവിനെ ബന്ധപ്പെട്ട സർക്കാർ അധികൃതരോട് പറ്റിക്കില്ലെന്നും മുഴുവൻ പണവും മടക്കിനൽകുമെന്നും യുവാവ് വാക്ക് നൽകിയിരുന്നു. എന്നാൽ പെട്ടെന്നൊരു ദിവസം യുവാവ് അപ്രത്യക്ഷനാവുകയായിരുന്നു. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുത്തതിനാലാണ് യുവാവിന് പണം മുഴുവൻ നഷ്ടമായതെന്ന് ഇയാളുടെ അഭിഭാഷകൻ പറഞ്ഞു.
ലീഗൽ ഫീസ് ഉൾപ്പെടെ 51 ദശലക്ഷം യെൻ ആവശ്യപ്പെട്ട് യുവാവിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് അബു മുനിസിപ്പൽ ഗവൺമെന്റ് അധികൃതർ. സംഭവിച്ചു പോയ പിഴവിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നതായും പൊതുപണം വീണ്ടെടുക്കാൻ എല്ലാവിധ ശ്രമവും നടത്തുമെന്നും മേയർ നോറിഹിക്കോ ഹനാഡ ജനങ്ങളോട് പറഞ്ഞു.