karti-chidambaram

​​​​​ന്യൂഡൽഹി: കോൺഗ്രസ് എം.പി കാർത്തി ചിദംബരത്തിന്റെ ചാർട്ടേട് അക്കൗണ്ടന്റും വിശ്വസ്തനുമായ ഭാസ്‌കർ രാമൻ കെെക്കൂലിക്കേസിൽ അറസ്റ്റിൽ. ഇയാൾ വഴി പണമിടപാട് നടന്നെന്നാണ് സി.ബി.ഐ ആരോപിക്കുന്നത്. അഞ്ച് പ്രതികളുള്ള കേസിലെ ഒന്നാം പ്രതിയാണ് ഭാസ്‌കർ രാമൻ.


ചൊവ്വാഴ്‌ച രാത്രി 11 മണിയോടെ ഭാസ്‌കർ രാമന്റെ വീട്ടിൽ വച്ചാണ് അറസ്റ്റ് നടന്നത്. കാർത്തി ചിദംബരത്തിലേക്ക് സി.ബി.ഐ നീങ്ങുന്നു എന്നതിന്റെ ആദ്യ പടിയാണ് ഇയാളുടെ അറസ്റ്റ് എന്നാണ് വിവരങ്ങൾ. എം.പിയെ ഉടൻ ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്.


പഞ്ചാബിലെ മാൻസയിൽ വൈദ്യുതി നിലയം നിർമ്മിക്കാൻ കരാർ ലഭിച്ച ചൈനീസ് കമ്പനിയിലെ ഉദ്യോഗസ്ഥർക്ക് ചട്ടം ലംഘിച്ച് വിസ ലഭ്യമാക്കിയതിനും 50 ലക്ഷം കൈക്കൂലി വാങ്ങിയതിനുമാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മകനും എം.പിയുമായ കാർത്തി ചിദംബരം അടക്കം അഞ്ചു പേർക്കെതിരെ സി.ബി.ഐ കേസെടുത്തത്. കേസിൽ രണ്ടാം പ്രതിയാണ് കാർത്തി ചിദംബരം.

karti-chidambaram

പി. ചിദംബരത്തിന്റെയും കാർത്തിയുടെയും ഡൽഹിയിലെയും ചെന്നൈയിലെയും വസതികളടക്കം ഒമ്പതിടത്ത് സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാസ്‌കർ രാമന്റെ അറസ്റ്റ്. 2011ൽ മാൻസയിൽ വൈദ്യുതി നിലയം നിർമ്മിക്കാൻ കരാറെടുത്ത സ്വകാര്യ കമ്പനിയുടെ സബ്കോൺട്രാക്ടറായ ചൈനീസ് കമ്പനിക്ക് ജീവനക്കാരെ ഇന്ത്യയിലെത്തിക്കാൻ പ്രൊഫഷണൽ വിസ വേണമായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണം മൂലം കൂടുതൽ വിസ ലഭിച്ചില്ല. ഇവർക്ക് ചട്ടം ലംഘിച്ച് പ്രൊഫഷണൽ വിസ ലഭ്യമാക്കിയതിനും അതിന് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനുമാണ് കാർത്തി ചിദംബരമുൾപ്പടെയുള്ളവർക്കെതിരെ കേസ്.


ചട്ടം മറികടന്ന് വിസ ലഭ്യമാക്കാൻ മാൻസയിലെ സ്വകാര്യ കമ്പനി, നേരത്തെ അനുവദിച്ച 263 പ്രൊജക്ട് വിസകൾ പുനരുപയോഗിക്കാൻ അനുമതി തേടി അപേക്ഷ നൽകി. ചെന്നൈയിലെ ഒരാൾ വഴി ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ച് ഒരു മാസത്തിനുള്ളിൽ അനുമതി നേടി. ഇതിനായി മാൻസ കമ്പനി ചെന്നൈയിലെ ആൾ വഴി 50 ലക്ഷം രൂപ കൈക്കൂലി നൽകിയതായി സി.ബി.ഐ കണ്ടെത്തി. മുംബയിലെ ഒരു കമ്പനിയുടെ പേരിൽ വ്യാജ ഇൻവോയ്സ് ഉണ്ടാക്കിയാണ് പണം കൈമാറിയത്. വിസ നടപടിക്രമങ്ങൾക്കും മറ്റും പണം നൽകിയെന്ന് ഇൻവോയ്സിലുണ്ടായിരുന്നു. എന്നാൽ മുംബയിലെ കമ്പനിക്ക് വിസ പ്രവർത്തനങ്ങളില്ലായിരുന്നുവെന്ന് കണ്ടെത്തി.

കൂടുതൽ രേഖകൾ കണ്ടെത്താനായാണ് കാർത്തിയുടെയും പിതാവ് ചിദംബരത്തിന്റെയും വസതികളിലും ഓഫീസുകളിലും സി.ബി.ഐ റെയ്ഡ് നടത്തിയത്. കൂടാതെ മുംബയ്, കർണാടകയിലെ കൊപ്പൽ, ഒഡിഷയിലെ ജാർസുഗുഡ, പഞ്ചാബിലെ മാൻസ എന്നിവിടങ്ങളിലും റെയ്ഡ് നടന്നിരുന്നു.

ഏതാനും സി.ബി.ഐ ഉദ്യോഗസ്ഥർ ഡൽഹിയിലെയും ചെന്നൈയിലെയും വസതികളിൽ പരിശോധന നടത്തിയെന്നും അവർ കാണിച്ച എഫ്.ഐ.ആറിൽ തന്റെ പേരില്ലായിരുന്നുവെന്നും പി.ചിദംബരം നേരത്തെ പറഞ്ഞിരുന്നു. പ്രതിയല്ലെങ്കിൽ എന്തിന് പരിശോധന എന്നതിന് സി.ബി.ഐ മറുപടി നൽകിയില്ല. പരിശോധനയിൽ അവർക്ക് ഒന്നും കണ്ടെത്താനായില്ല. റെയ്ഡ് രാഷ്‌ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.