
തിരുവനന്തപുരം: പുതുതായി 700ബസുകൾ വാങ്ങാനൊരുങ്ങി കെഎസ്ആർടിസി. ഡീസൽ വില വർദ്ധിക്കുന്നതിന്റെ ഭാഗമായി സിഎൻജി ബസുകളാണ് വാങ്ങുന്നത്. 455 കോടി രൂപ മുതൽ മുടക്കിയാണ് ബസുകൾ വാങ്ങുന്നത്. നാല് ശതമാനം പലിശ നിരക്കിൽ കിഫ്ബിയാണ് ഇതിനുള്ള പണം അനുവദിക്കുന്നത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് ബസ് വാങ്ങാനുള്ള തീരുമാനമെടുത്തത്. കെഎസ്ആർടിസി സ്വിഫ്റ്റിന് വേണ്ടിയാണ് 700സിഎൻജി ബസുകളും വാങ്ങുന്നത്. ഇപ്പോൾ കെഎസ്ആർടിസിയുടെ ഭാഗമായ 700ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ റൂട്ടാണ് ഇനി സ്വിഫ്റ്റിലേയ്ക്ക് പോകുന്നത്. പുതിയ ബസുകൾ വരുന്ന മുറയ്ക്ക് പഴയ ബസുകൾ ഓർഡിനറി സർവീസിന് വേണ്ടി ഉപയോഗിക്കും. ജീവനക്കാരെ പുനക്രമീകരിച്ചാവും സർവീസ് നടത്തുക.
വരുമാനത്തിൽ ഭൂരിഭാഗവും ഇന്ധനത്തിന് വേണ്ടി ചെലവഴിക്കേണ്ടി വരുന്ന പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സിഎൻജി ബസിലേയ്ക്ക് മാറുന്നത്. ഇതുവഴി ചെലവ് കുറച്ച് ലാഭം കൂട്ടാനാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. 2017ന് ശേഷം ഈ വർഷമാണ് 116പുതിയ ബസുകൾ വാങ്ങി കെഎസ്ആർടിസി സ്വിഫ്റ്റിനായി സർവീസ് നടത്തുന്നത്. പുതിയ ബസുകൾ വരുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപ്പെടുകയും കെഎസ്ആർടിസിയുടെ വരുമാനം ഗണ്യമായി കൂടുകയും ചെയ്യും. ഇതോടെ ബസുകളുടെയും ജീവനക്കാരുടെയും അനുപാതവും ഇന്ധന ചെലവും കുറയുമെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.