
ലിവർപൂൾ 2-1ന് സതാംപ്ടണിനെ തോൽപ്പിച്ചു ഇംഗ്ളീഷ് പ്രിമിയർ ലീഗ് ജേതാക്കളെ അറിയാൻ അവസാന മത്സരം വരെ കാത്തിരിക്കണം ലണ്ടൻ : ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാളിൽ ഇക്കുറി ആരാകും ചാമ്പ്യന്മാരെന്ന ആകാംക്ഷയ്ക്ക് ഉത്തരം കിട്ടാൻ അവസാന റൗണ്ട് മത്സരങ്ങൾ നടക്കുന്ന ഞായറാഴ്ച വരെ കാത്തിരിക്കണം. കഴിഞ്ഞ ദിവസം പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനോട് 2-2ന് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ രണ്ടാമതുള്ള ലിവർപൂൾ 2-1ന് സതാംപ്ടണിനെ കീഴടക്കിയതാണ് കിരീടപ്പോരിന്റെ വീര്യം കൂട്ടിയത്.ഇരുടീമുകൾക്കും ഒരു മത്സരം മാത്രം അവശേഷിക്കേ ഒരൊറ്റ പോയിന്റിനാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ് ചെയ്യുന്നത്. ഞായറാഴ്ചത്തെ അവസാന റൗണ്ട് മത്സരത്തിൽ സിറ്റിക്ക് ജയിക്കാൻ കഴിയാതിരിക്കുകയും ലിവർപൂൾ ജയിക്കുകയും ചെയ്താണ് തുടർച്ചയായ രണ്ടാം കിരീടമെന്ന സിറ്റിയുടെ മോഹം പൊലിയും. സതാംപ്ടണിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ലിവർപൂള്‍ തിരിച്ചടിച്ച് വിജയം നേടിയെടുത്തത്.
13-ാം മിനിട്ടിൽ നഥാൻ റെഡ്‌മോണ്ടിലൂടെ സതാംപ്ടണാണ് ആദ്യം ലീഡെടുത്തത്. എന്നാൽ 27-ാം മിനിട്ടിൽ തകുമി മിനാമിനോയിലൂടെ ലിവർപൂൾ സമനില പിടിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും 1-1 ന് തുല്യത പാലിച്ചു. രണ്ടാം പകുതിയിൽ ജോയൽ മാറ്റിപ്പ് ലിവറിന്റെ വിജയഗോൾ നേടി. 67-ാം മിനിട്ടിലായിരുന്നു മാറ്റിപ്പിന്റെ ഗോൾ.
നിലവിൽ 37 മത്സരങ്ങളിൽ നിന്ന് 90 പോയിന്റാണ് മാഞ്ചസ്റ്റർസിറ്റിയ്ക്കുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 89 പോയിന്റാണ് ലിവർപൂളിനുള്ളത്.
അവസാന മത്സരത്തിൽ വിജയിച്ചാൽ സിറ്റി തുടർച്ചയായ രണ്ടാം സീസണിലും കിരീടമുയർത്തും. എന്നാൽ സിറ്റി സമനിലയോ തോൽവിയോ വഴങ്ങുകയും ലിവർപൂൾ വിജയം നേടുകയും ചെയ്താൽ കപ്പ് ആൻഫീല്‍ഡിലെത്തും. സിറ്റി തോല്‍ക്കുകയും ലിവർപൂൾ സമനില വഴങ്ങുകയും ചെയ്താൽ ഇരുടീമുകൾക്കും തുല്യ പോയന്റാകും. എന്നാലും ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ സിറ്റി ചാമ്പ്യന്മാരാകും.
അവസാന മത്സരത്തില്‍ സിറ്റിയ്ക്ക് ആസ്റ്റൺ വില്ലയാണ് എതിരാളി. ആദ്യം ഏറ്റുമുട്ടിയപ്പോൾ സിറ്റി ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് വില്ലയെ തകര്‍ത്തിരുന്നു. മറുവശത്ത് ലിവർപൂളിന് വോൾവ്‌സാണ് എതിരാളി. ആദ്യം ഏറ്റുമുട്ടിയപ്പോൾ ലിവർപൂളാണ് വിജയം നേടിയത്.