
ന്യൂഡൽഹി: ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ സി.ഇ.ഒയായി പീറ്റർ എൽബേഴ്സിനെ നിയമിച്ചു. നിലവിൽ കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസിന്റെ സി.ഇ.ഒയും പ്രസിഡന്റുമായ അദ്ദേഹം ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. ഈവർഷം സെപ്തംബർ 30 ന് വിരമിക്കുന്ന റോണോജോയ് ദത്തയുടെ ഒഴിവിലേക്കാണ് പീറ്റർ എൽബേഴ്സിന്റെ നിയമനം. 2014 മുതൽ കെ.എൽ.എം റോയൽ ഡച്ച് എയർലൈൻസിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് 52കാരനായ പീറ്റർ എൽബേഴ്സ്. 1994 ൽ കെ.എൽ.എമ്മിൽത്തന്നെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചതും. നെതർലൻഡ്സിൽ ജനിച്ച എൽബേഴ്സിന് ലൊജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദവും ബിസിനസ് ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദവുമുണ്ട്.