couples

ചെറുപ്പവും ചുറുചുറുക്കുമൊക്കെയാണ് ലൈംഗികതയെ സ്വാധീനിക്കുന്ന പ്രധാന കാര്യങ്ങൾ എന്ന് പലർക്കും ഒരു ധാരണയുണ്ട്. പ്രായമേറിത്തുടങ്ങിയാൽ താൽപര്യമോ ആസ്വാദ്യതയോ ഇല്ലാതാകുമെന്നാണ് ചിലർ കരുതുന്നത്. പക്ഷെ ഗവേഷകർ കണ്ടെത്തിയത് ഇതിൽ അത്ര കാര്യമില്ലെന്നാണ്. കുടുംബജീവിതത്തിൽ പൂർണമായും ഇടപെട്ട് ജീവിക്കുന്ന മദ്ധ്യവയ‌സ്‌കരായ സ്‌ത്രീ പുരുഷന്മാർക്ക് ശരിയായ ശാരീരികബന്ധം വഴി മികച്ച ആനന്ദം ലഭിക്കുന്നതായും ഇത് പങ്കാളിയ്‌ക്ക് കൂടി നൽകാനാകുന്നതായുമാണ് പഠനങ്ങൾ പറയുന്നത്.

ചെറുപ്രായത്തിൽ ലൈംഗികതയെ കുറിച്ചുള‌ള ധാരണാ പ്രശ്‌നങ്ങളും ലജ്ജയും മറ്റ് ബുദ്ധിമുട്ടുകളുമെല്ലാം കാരണം ലൈംഗികത സ്‌ത്രീ പുരുഷന്മാർക്ക് പൂർണതയിലെത്തിക്കാൻ കഴിഞ്ഞേക്കില്ല. എന്നാൽ പ്രായമേറുമ്പോൾ പക്വത കൈവരികയും പങ്കാളിയെക്കുറിച്ച് കൂടുതലറിയുകയും ചെയ്യുമ്പോൾ ലൈംഗിക ബന്ധം ആസ്വാദ്യകരമാകുമെന്നാണ് പറയപ്പെടുന്നത്.

മദ്ധ്യവയസിനോട് അടുക്കുമ്പോൾ സ്‌ത്രീയ്‌ക്കും പുരുഷനും സ്വന്തം ശരീരസൗന്ദര്യം കുറഞ്ഞതായോ നഷ്‌ടപ്പെട്ടതായോ ഉള‌ള കോംപ്ളക്‌സ് ഉണ്ടാകാം ഉദ്ധാരണപ്രശ്‌നവും ഉണ്ടാകാം. എങ്കിലും പൊതുവിൽ പുരുഷന് ലൈംഗിക തൃപ്‌തിയിൽ കുറവ് വരുന്നില്ല. കാരണം ടെസ്‌റ്റോസ്‌റ്റെറോൺ പ്രായത്തിനനുസരിച്ച് കുറവ് വരുമെങ്കിലും മദ്യപാനമോ, പുകവലിയോ ടെൻഷനോ കൊണ്ടുണ്ടാകുന്ന പ്രശ്‌നത്തിന്റെയത്ര ഇതുണ്ടാകില്ല. എന്നാൽ പ്രോസ്‌ട്രേറ്റ് പ്രശ്‌നങ്ങൾ, അമിതരക്തസമ്മർദ്ദം എന്നിവയൊക്കെ പുരുഷഹോർമോണായ ടെസ്‌റ്റോസ്‌റ്റെറോൺ ഉൽപാദനത്തെ ബാധിക്കാം.

സ്‌ത്രീയിൽ ആർത്തവ വിരാമത്തോടെ ലൈംഗികതാൽപര്യം ഇല്ലാതാകുമെന്ന് കരുതേണ്ട. അത് മെച്ചപ്പെടാനും ചില സാദ്ധ്യതയുണ്ട്. സ്‌ത്രീ ഹോർമോണായ ഈസ്‌ട്രജൻ നിലക്കുമെങ്കിലും സ്‌ത്രീയുടെ ശരീരത്തിലെ ടെസ്‌റ്റോസ്‌റ്റെറോൺ അപ്പോഴും ഉൽപാദിപ്പിക്കുന്നുണ്ട്. ഇതുവഴി ഇരുകൂട്ടർക്കും മെച്ചപ്പെട്ട ശാരീരികബന്ധം മദ്ധ്യവയസ്സിലും സാദ്ധ്യമാകും.