koolimadu-bridge

കോഴിക്കോട്: നിർമാണത്തിനിടെ ബീമുകൾ തകർന്ന കൂളിമാട് പാലത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം ഇന്നും പരിശോധന നടത്തും. നിർമാണവുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധിക്കുക. ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും.

ഡെപ്യൂട്ടി ചീഫ് എൻജിനിയർ എം അൻസാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുക. റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. അപകടത്തിന് കാരണം ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാറാണെന്നാണ് കേരള റോഡ് ഫണ്ട് ബോർഡ് സർക്കാരിന് നൽകിയ റിപ്പോർട്ട്.

ചാലിയാർ പുഴയ്ക്ക് കുറുകെ കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് 2019 മാർച്ച് ഏഴിനാണ് പാലം നിർമാണം ആരംഭിച്ചത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതിയുടെ കരാറുകാർ. 24 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് പാലത്തിന്റെ കോൺക്രീറ്റ് ബീമുകൾ തകർന്നു വീണത്.