rain

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ഇടുക്കി നെടുങ്കണ്ടത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനുമുകളിൽ മരംവീണു. കോമ്പയാർ സുരേഷിന്റെ വീടിന് മുകളിലാണ് മരം വീണത്. വീട്ടുകാർ ഒരു മണിക്കൂറോളം വീടിനുള്ളിൽ കുടുങ്ങിക്കിടന്നു. പുലർ‌ച്ചെ നാല് മണിക്കായിരുന്നു സംഭവം.


തൃശൂർ ചാലക്കുടിയിൽ കനത്ത മഴയാണ്. പെരിങ്ങൽക്കുത്ത് ഡാം ഏത് നിമിഷവും തുറക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കോഴിക്കോട്- കണ്ണൂർ ദേശീയ പാതയിലെ പൊയിൽകാവിൽ മരം വീണ് ഗതാഗത തടസമുണ്ടായി. വാഹനങ്ങൾ നാല് മണിക്കൂറിലേറെയായി കുടുങ്ങിക്കുടക്കുകയാണ്.


കൊച്ചി നഗരത്തിൽ പലയിടങ്ങളിലും വെള്ളം കയറി. കലൂർ സൗത്ത്, ഇടപ്പള്ളി, എംജി റോഡ്, സൗത്ത് റെയിൽവേ സ്‌റ്റേഷൻ റോഡ് എന്നിവടങ്ങളിലാണ് വെള്ളക്കെട്ട്. തൃപ്പൂണിത്തുറയിൽ വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റാൻ ശ്രമം തുടങ്ങി. മൂവാറ്റുപുഴയിൽ മൂന്ന് മണിക്കൂറായി കനത്ത മഴ തുടരുന്നു. മലപ്പുറത്ത് അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

മീനച്ചിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയരുകയാണ്. ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ പത്ത് ഷട്ടറുകൾ ഉയർത്തി. എട്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവുമാണ് ഉയർത്തിയത്.