
മുംബയ്: രാജ്യത്തെ ശതകോടീശ്വരന്മാരിൽ ഒരാളാണ് വ്യവസായ പ്രമുഖനായ രത്തൻ ടാറ്റ. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിലും ലാളിത്യത്തിന്റെ പേരിലും ഏറെ പ്രശംസ നേടിയ വ്യക്തിയാണ് അദ്ദേഹം.
ഇപ്പോഴിതാ 84 കാരനായ ടാറ്റ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ ഏതൊരു കാറും അനായാസം സ്വന്തമാക്കാനാകുന്ന ടാറ്റ താജ് ഹോട്ടലിലേക്ക് എത്തിയത് നാനോ കാറിൽ. ഈ കാഴ്ച കണ്ട് ചുറ്റും കൂടിയിരുന്നവരെല്ലാം അന്തംവിട്ടു.
ടാറ്റയുടെ കൂടെ പരിചാരകരോ സുരക്ഷാ ജീവനക്കാരോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഹോട്ടലിലേക്ക് ടാറ്റ വന്ന് ഇറങ്ങിയത് ജീവനക്കാരനാണ് പകർത്തിയത്. വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലിപ്പോൾ വെെറലാണ്. രത്തൻ ടാറ്റയിൽ നിന്നും ഏറെ പഠിക്കാനുണ്ടെന്നാണ് വീഡിയോ കണ്ടവരിൽ ചിലർ കുറിച്ചത്.
സ്കൂട്ടറുകളിൽ തിങ്ങിനിറഞ്ഞ് പോകുന്ന കുടുംബങ്ങളാണ് കോംപാക്റ്റ് കാറായ നാനോ നിർമിക്കാൻ തനിക്ക് പ്രേരണയായതെന്ന് ടാറ്റ മുൻപ് പറഞ്ഞിരുന്നു. എല്ലാത്തരം ജനങ്ങൾക്കും ഉപയോഗിക്കാൻ പറ്റുന്ന കാറാണ് നാനോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2008 ജനുവരിയിലാണ് നാനോ കാർ പുറത്തിറക്കിയത്. 10 വർഷത്തിന് ശേഷം വിപണിയിൽ കാറുകൾ പിൻവലിച്ചിരുന്നു.