
കൊച്ചി: തൃക്കാക്കര സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം നൃത്തം വച്ച് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. മഹിളാ കോൺഗ്രസ് ഒരുക്കിയ തിരഞ്ഞെടുപ്പ് ഗാനം പ്രകാശനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം വനിതാ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്തത്. ഭീഷ്മ പർവത്തിലെ പറുദീസ എന്ന പാട്ടിന്റെ പാരഡിയാണ് പ്രചാരണ ഗാനമായി ഒരുക്കിയത്. യുഡിഎഫ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ വച്ചാണ് പ്രകാശന ചടങ്ങ് നടന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും രാജ്യസഭാ എംപിയുമായ ജെബി മേത്തർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
My “Chambikko” moment today (for translation, ask a Malayali!) @INCKerala @MahilaCongress @AdvJebiMather pic.twitter.com/znOrhQMzDK
— Shashi Tharoor (@ShashiTharoor) May 18, 2022
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്ന് ശശി തരൂർ പറഞ്ഞു. താൻ വികസനത്തിനൊപ്പമാണ്, എന്നാൽ പഠിക്കാതെ കാര്യങ്ങൾ നടപ്പാക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ജനങ്ങളെ ബോദ്ധ്യപ്പെടുത്തണം. അല്ലാതെ അവരെ ഉപദ്രവിച്ചല്ല വികസനം നടപ്പാക്കേണ്ടത്. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫും മറ്റ് വിദഗ്ദ്ധരും ചോദിച്ച ചോദ്യങ്ങൾക്ക് ഇതുവരെ തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ലെന്നും തരൂർ കുറ്റപ്പെടുത്തി.